ബെംഗളൂരു: കര്‍ണാടക പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി അധ്യക്ഷസ്ഥാനത്ത് ആറുവര്‍ഷം പൂര്‍ത്തിയാക്കിയ മന്ത്രി ഡോ. ജി. പരമേശ്വറിന് പാര്‍ട്ടിയുടെ അനുമോദനം. പാലസ് ഗ്രൗണ്ടില്‍ ചേര്‍ന്ന സമ്മേളനത്തില്‍ നിരവധി കോണ്‍ഗ്രസ് നേതാക്കന്മാരും പാര്‍ട്ടിപ്രവര്‍ത്തകരും പങ്കെടുത്തു.
രാജ്യത്തെ മതേതരത്വം തകര്‍ക്കുകയാണ് ബി.ജെ.പി. ചെയ്യുന്നതെന്ന് സമ്മേളനം ഉദ്ഘാടനം ചെയ്ത എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി ദിഗ്വിജയ് സിങ് പറഞ്ഞു. ഭിന്നിച്ചു ഭരിക്കുക എന്നതാണു ബി.ജെ.പി.യുടെ നയം. എസ്.ഡി.പി.ഐ., എ.ഐ.എം.ഐ.എം. തുടങ്ങിയ രാഷ്ട്രീയ പ്രസ്ഥാനങ്ങളുമായാണ് ബി.ജെ.പി.യുടെ ചങ്ങാത്തം.
മതനിരപേക്ഷത തകര്‍ക്കാന്‍ ആരുമായും കൂട്ടുകൂടാന്‍ അവര്‍ തയ്യാറാണ്. രാജ്യത്ത് സമാധാനവും മതസൗഹാര്‍ദവും ഊട്ടിയുറപ്പിക്കാന്‍ കോണ്‍ഗ്രസ് പാര്‍ട്ടി പ്രതിജ്ഞാബദ്ധമാണ്. സ്വാതന്ത്രസമരകാലം മുതല്‍ കോണ്‍ഗ്രസ് അനുവര്‍ത്തിച്ച നയം ഇതായിരുന്നു.
കര്‍ണാടകത്തില്‍ പാവപ്പെട്ടവര്‍ക്കു വേണ്ടി നിലകൊള്ളുന്ന സര്‍ക്കാറാണ് സിദ്ധരാമയ്യയുടെതെന്നും അദ്ദേഹം പറഞ്ഞു. കര്‍ഷകര്‍ക്കും പിന്നാക്കകാര്‍ക്കും നിരവധി ക്ഷേമപ്രവര്‍ത്തനങ്ങള്‍ സംസ്ഥാനത്തു നടപ്പാക്കി. കാവേരി നദീജല തര്‍ക്കം വന്നപ്പോള്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ കര്‍ഷക താത്പര്യം സംരക്ഷിക്കാനാണ് ശ്രമിച്ചത്. അതേ സമയം, പ്രശ്‌നത്തെ രാഷ്ട്രീയവത്കരിക്കാനാണ് ബി.ജെ.പി. ശ്രമിച്ചതെന്നും ദിഗ്വിജയ് സിങ് കുറ്റപ്പെടുത്തി.
ലോക്‌സഭയിലെ കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ മല്ലികാര്‍ജുന ഖാര്‍ഗെ, മുന്‍ മുഖ്യമന്ത്രിമാരായ എം. വീരപ്പമൊയ്‌ലി, എന്‍. ധരംസിങ്, കെ.പി.സി.സി. വര്‍ക്കിങ് പ്രസിഡന്റ് ദിനേശ് ഗുണ്ടുറാവു തുടങ്ങിയവര്‍ സംസാരിച്ചു.
Share this Article
Related Topics