ബെംഗളൂരു: ബുധനാഴ്ച പാലസ് ഗ്രൗണ്ടിൽ ആരംഭിക്കുന്ന മൂന്ന് ദിവസത്തെ ആഗോള നിക്ഷേപ സംഗമത്തിന് ഉദ്യാന നഗരി അണിഞ്ഞൊരുങ്ങി. കുണ്ടും കുഴിയും നികത്തി നിരത്തുകൾ രാജവീഥിയാക്കി. സ്വാഗത കമാനങ്ങളും ബാനറുകളും എങ്ങും നിറഞ്ഞുകഴിഞ്ഞു. വിദേശ പ്രതിനിധികളും കേന്ദ്രമന്ത്രിമാരും അടക്കമുള്ള പ്രമുഖര് എത്തുന്നതിനാല് കന്നത്ത സുരക്ഷ വലയത്തിലാണ് നഗരം.
ഗതാഗത കുരുക്ക് ഒഴിവാക്കാൻ ചരക്ക് വാഹനങ്ങളും സ്വകാര്യ ബസ്സുകളും മൂന്നുദിവസത്തേയ്ക്ക് നിരോധിച്ചിരിക്കുകയാണ്.
രണ്ടര ലക്ഷം കോടിയുടെ നിക്ഷേപമാണ് സ്വര്ക്കാര് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ രണ്ട് വര്ഷത്തിനുള്ളില് 1. 3 ലക്ഷം കോടി രൂപയുടെ നിക്ഷേപത്തിന് അംഗീകാരം നല്കിയതായി മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു. കേന്ദ്രമന്ത്രി അരുണ് ജെയറ്റ്ലി ഉദ്ഘാടനം ചെയ്യും. കേന്ദ്രമന്ത്രിമാരായ നിതിന് ഗഡ്കരി, വെങ്കയ്യ നായിഡു, സുരേഷ് പ്രഭു, നിര്മല സീതാറാം, സംസ്ഥാന മന്ത്രിമാര് എന്നിവര് പങ്കെടുക്കും.
നിക്ഷേപകര്ക്ക് മുന്നില് സര്ക്കാര് 116 പദ്ധതികള് അവതരിപ്പിക്കും. ഇതോടൊപ്പം അടുത്തിടെ പ്രഖ്യാപിച്ച സ്റ്റാര്ട്ട് അപ്പ് നയവും വെളിപ്പെടുത്തും. നിക്ഷേപകര്ക്കായി അനുവദിക്കുന്ന അനുകൂല്യങ്ങളും വെളിപ്പെടുത്തും. 2014- 19 കാലയളവിലേക്ക് പ്രഖ്യാപിച്ച വ്യവസായ നയത്തിലേക്കുള്ള നിക്ഷേപ സ്വരൂപിക്കാന് കഴിയുമെന്നാണ് പ്രതീക്ഷ.
പുതിയ വ്യവസായ നയത്തിലൂടെ 12 ശതമാനം വ്യവസായ വളര്ച്ചയും അഞ്ച് ലക്ഷം കോടിയുടെ നിക്ഷേപവും 15 ലക്ഷം പേര്ക്ക് തൊഴില് അവസരങ്ങളുമാണ് പ്രതീക്ഷിക്കുന്നത്. നിക്ഷേപകര്ക്കായി 13,000 ഏക്കര് സ്ഥലം ഏറ്റെടുത്ത് വ്യവസായ മേഖലാ വികസന ബോര്ഡിന് നല്കി കഴിഞ്ഞു. നിക്ഷേപകര്ക്കായി സ്ഥലം കണ്ടെത്തുന്നതിനുള്ള ബുദ്ധിമുട്ടുകള് പരിഹരിക്കുന്നതിനായി ലാന്ഡ് ബാങ്ക് സര്ക്കാര് രൂപവല്ക്കരിച്ചിട്ടുണ്ട്. ലാന്ഡ് ബാങ്കിന്റെ കൈവശം 26,268 ഏക്കര് സ്ഥലം ലഭ്യമാണെന്ന് വ്യവസായ വകുപ്പ് അഡിഷണല് ചീഫ് സെക്രട്ടറി രത്തന പ്രഭ പറഞ്ഞു.
ആഗോള നിക്ഷേപ സംഗമത്തിന് മുന്നോടിയായി വിദേശ രാജ്യങ്ങളില് അവതരിപ്പിച്ച റോഡ് ഷോക്ക് മികച്ച പ്രതികരണമാണ് ലഭിച്ചതെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ, വ്യവസായ മന്ത്രി ദേശപാണ്ഡെ എന്നിവര് പറഞ്ഞു. രാജ്യത്തിനകത്ത് നിന്നുള്ള പ്രതിനിധികള്ക്ക് പുറമെ വിവിധ രാജ്യങ്ങളില് നിന്നായി 100 ഓളം വ്യവസായ പ്രതിനിധികളും എത്തും. ഫ്രാന്സ്, ജര്മ്മനി, ഇംഗ്ലണ്ട്, ഇറ്റലി, സ്വീഡന്, ജാപ്പാന്, ദക്ഷിണ കോറിയ, എന്നിവിടങ്ങളില് നിന്നുള്ള മന്ത്രിമാര് സംഗമത്തില് പങ്കെടുക്കും. രാജ്യത്തെ പ്രമുഖ വ്യവസായികളായ രത്തന് ടാറ്റ, കുമാര് മംഗലം ബിര്ള, അനില് അംബാനി, ഗതംഅദാനി, എന് ആര് നാരായണ മൂര്ത്തി, സജ്ജന്, ബാബാ കല്ല്യാണി എന്നിവര് എത്തും.