ബെംഗളൂരു: ഇന്ത്യൻ സിലിക്കൺ വാലിയെന്നറിയപ്പെടുന്ന നഗരം സൈബർ കുറ്റവാളികളുടെയും കേന്ദ്രമാണ്. ബാങ്ക് പാസ് വേഡുകൾ ചോർത്തിയും മൊബൈലിൽ ചാര ആപ്പുകൾ കടത്തിവിട്ടും നഗരത്തിൽ ഓരോ മാസവും നടക്കുന്നത് നൂറുകണക്കിന് കുറ്റകൃത്യങ്ങളാണ്. ഈ വർഷം മേയ് വരെ 3700 സൈബർ കുറ്റകൃത്യങ്ങളാണ് നഗരത്തിൽ രജിസ്റ്റർ ചെയ്തത്. ദിവസം ശരാശരി 40 പരാതികൾ. 2018-ൽ 5253 കേസുകളാണ് നഗരത്തിൽ റിപ്പോർട്ട് ചെയ്തത്. 2017-ൽ 2744 കേസുകൾ റിപ്പോർട്ട് ചെയ്ത സ്ഥാനത്താണിത്.
സൈബർ കുറ്റവാളികൾ അതിവൈദഗ്ധ്യം നേടിയതിനാൽ ഇവരെ പിടികൂടുന്നത് പോലീസിന് തലവേദനയാണ്. മതിയായ പരിശീലനം ബെംഗളൂരുവിലെ സൈബർ ക്രൈം പോലീസിന് ലഭിക്കാറുമില്ല. മൊബൈൽ വാലറ്റുകളാണ് ൈസബർ കുറ്റവാളികളുടെ ഏറ്റവും പുതിയ തട്ടിപ്പ് ഉപാധിയെന്നാണ് സൂചന. മേയിൽ ബൊമ്മനഹള്ളിയിലെ മലയാളികൾ ഉൾപ്പെടെ ഒട്ടേറെപ്പേർക്കാണ് മൊബൈൽ വാലറ്റുകളിലൂടെ പണം നഷ്ടമായത്. ക്യു.ആർ. കോഡ് സ്കാൻ ചെയ്ത് പണം കൈമാറുമ്പോൾ യഥാർഥ ഉപഭോക്താവിന് പണം ലഭിക്കാതിരിക്കുകയും അക്കൗണ്ടിൽനിന്ന് പണം നഷ്ടപ്പെടുകയുമാണ് ചെയ്യുന്നത്. സമാനമായരീതിയിൽ മത്തിക്കരെയിലെ ദമ്പതിമാരിൽനിന്ന് 15,000 രൂപയാണ് നഷ്ടമായത്. മൊബൈൽ വാലറ്റ് കസ്റ്റമർ കെയറുമായി ബന്ധപ്പെടുമ്പോൾ കൃത്യമായ മറുപടി ലഭിക്കുന്നില്ല.
മൊബൈൽ ഹാൻഡ് സെറ്റുകളിൽ കയറിക്കൂടുന്ന ചാര ആപ്പുകൾ വഴിയാണ് ഇത്തരം തട്ടിപ്പുകൾ നടക്കുന്നതെന്നാണ് ഈ രംഗത്തെ വിദഗ്‌ധരുടെ നിഗമനം. മൊബൈലിൽ സൂക്ഷിച്ച സ്വകാര്യദൃശ്യങ്ങൾ ചാര ആപ്പുകളിലൂടെ ചോർത്തിയും തട്ടിപ്പുനടക്കുന്നുണ്ട്. ചിത്രങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി തുക തട്ടുകയാണ് ഇത്തരം തട്ടിപ്പുകാരുടെ രീതി. വൈവാഹിക സൈറ്റുകളിലൂടെയും ഡേറ്റിങ് ആപ്പുകളുമാണ് തട്ടിപ്പുനടക്കുന്ന മറ്റു പ്രധാനകേന്ദ്രങ്ങൾ. കൃത്യമായ പരിശീലനം നേടിയവരാണ് ഇതിനു പിന്നിലെന്നാണ് സൈബർ ക്രൈം പോലീസിന്റെ കണ്ടെത്തൽ. പരിചയം സ്ഥാപിച്ച് പണം തട്ടുകയാണ് ചെയ്യുന്നത്. വിശ്വാസ്യത ഉറപ്പിക്കാനായി ആദ്യഘട്ടത്തിൽ സമ്മാനങ്ങൾ അയച്ചുകൊടുക്കുകയും ചെയ്യും. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽനിന്നുള്ള വ്യാജ വിലാസത്തിലാണ് ഇവയെത്തുന്നത്. bb
തട്ടിപ്പിൽനിന്ന് രക്ഷനേടാൻ
*വിശ്വാസ യോഗ്യമല്ലാത്ത ആപ്പുകൾ ഉപയോഗിക്കാതിരിക്കുക
* ഇടപാടുകളിൽ സംശയം തോന്നിയാൽ ഉടൻ ബാങ്കുമായി ബന്ധപ്പെടുക
* സാമൂഹിക മാധ്യമങ്ങളിലൂടെ പരിചയപ്പെടുന്നവരുമായുള്ള സാമ്പത്തിക ഇടപാടിന് പരിധിവെക്കുക
* തട്ടിപ്പ് സംശയിക്കുന്ന കോളുകളും എസ്. എം.എസും വന്നാൽ സൈബർ പോലീസുമായി ബന്ധപ്പെടുക
* ബാങ്ക് അക്കൗണ്ട് വിവരങ്ങൾ കൈമാറാതിരിക്കുക