ബെംഗളൂരു: നിയമസഭ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ദളിത്, പിന്നാക്ക വിഭാഗങ്ങളുടെ പിന്തുണ ഉറപ്പാക്കാനുള്ള തിരക്കിലാണ് കോണ്‍ഗ്രസും ബി.ജെ.പിയും. ദളിത്, പിന്നാക്ക വിഭാഗങ്ങള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ വ്യാപക പ്രതിഷേധത്തിന് ഇടയാക്കിയ സാഹചര്യത്തിലാണ് പുതിയ നീക്കം.
ദളിത് കൂട്ടായ്മയ്ക്ക് ആദ്യം തുടക്കമിട്ടത് ബി.ജെ.പി.യാണ്. ബി.ജെ.പി.യിലെ മുതിര്‍ന്ന നേതാവ് കെ.എസ്. ഈശ്വരപ്പ 'സങ്കോളി രായണ്ണ ബ്രിഗേഡ്' എന്ന പേരിലുള്ള ദളിത് കൂട്ടായ്മയുടെ നേതൃത്വം ഏറ്റെടുക്കുകയായിരുന്നു.
വിവിധപാര്‍ട്ടികളില്‍ നിന്നുള്ളവരെ ഉള്‍പ്പെടുത്തിയാണ് സംഘടനയ്ക്ക് രൂപം നല്‍കിയത്. സംഘടനയുടെ പിന്തുണ ബി.ജെ.പി.ക്ക് ഉറപ്പാക്കുകയാണ് ലക്ഷ്യമെന്ന് ഈശ്വരപ്പ പറഞ്ഞു.
ബ്രിട്ടീഷുകാര്‍ക്കെതിരെ പടപൊരുതിയ കിട്ടൂര്‍ രാജവംശത്തിന്റെ സേനാധിപതിയായിരുന്നു സങ്കോളി രായണ്ണ. പിന്നാക്ക സമുദായമായ കുറുമ്പ അംഗമായ സേനാധിപതിയുടെ പേരിലുള്ള സംഘടനയിലേക്ക് കൂടുതല്‍ പേരെ കൂട്ടാന്‍ കഴിയുമെന്നാണ് പ്രതീക്ഷ. ഇതേ സമുദായ അംഗമാണ് ഈശ്വരപ്പ. ബെംഗളൂരു സിറ്റി റെയില്‍വേ സ്റ്റേഷന് സങ്കോളി രായണ്ണയുടെ പേരാണ് നല്‍കിയത്.
സംസ്ഥാനത്ത് ലിംഗായത്ത്, വൊക്കലിഗ എന്നിവ കഴിഞ്ഞാല്‍ പ്രബലമായ സമുദായമാണ് കുറുമ്പ. മുഖ്യമന്ത്രി സിദ്ധരാമയ്യയും ഇതേസമുദായ അംഗമാണ്. കുറുമ്പ സമുദായത്തോടൊപ്പം ഇതര പിന്നാക്ക സമുദായങ്ങളെയും ഒപ്പം നിര്‍ത്താനാണ് തീരുമാനം. യെദ്യൂരപ്പയുമായുണ്ടായ അഭിപ്രായ വിത്യാസത്തെ തുടര്‍ന്നാണ് ഈശ്വരപ്പ പിന്നാക്ക സമുദായ കൂട്ടായ്മയുടെ നേതൃത്വം ഏറ്റെടുത്തത്.
പിന്നാക്ക സമുദായത്തില്‍ നിന്നുള്ളവരെ പാര്‍ട്ടി അവഗണിക്കുകയാണെന്നും അര്‍ഹതപ്പെട്ട സ്ഥാനങ്ങള്‍ നേടാന്‍ കൂട്ടായ്മ വേണമെന്നുമാണ് ഈശ്വരപ്പ അഭിപ്രായപ്പെട്ടത്. യെദ്യൂരപ്പയുടെ നിര്‍ദ്ദേശം അവഗണിച്ച് കൂട്ടായ്മയുടെ ആദ്യ യോഗം സംഘടിപ്പിക്കുകയും ചെയ്തു. സംഭവത്തില്‍ ഈശ്വരപ്പയില്‍ നിന്ന് ആര്‍.എസ്.എസ്. വിശദീകരണം തേടി.
ഇതിനുപിന്നാലെ കോണ്‍ഗ്രസും 'യുവ അഹിന്ദ' എന്ന പേരിലുള്ള കൂട്ടായ്മ ശക്തിപ്പെടുത്താന്‍ തീരുമാനിച്ചു. കോണ്‍ഗ്രസിലെ പിന്നാക്ക നേതാവായ എച്ച്. എം. രേവണ്ണയാണ് 'യുവ അഹിന്ദയ്ക്ക്' നേതൃത്വം നല്‍കുന്നത്. പിന്നാക്ക സമുദായങ്ങളുമായി അടുത്ത ബന്ധമുള്ള മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്ക് കൂടുതല്‍ പിന്തുണ ഉറപ്പാക്കുകയാണ് ലക്ഷ്യം.
സംസ്ഥാന ജനസംഖ്യയില്‍ 20 ശതമാനത്തോളം വരും ദളിത് പിന്നാക്ക സമുദായ കുട്ടായ്മയുടെ ശക്തി. ബി.ജെ.പി.യില്‍ സുരക്ഷിതനല്ലെന്ന് തിരിച്ചറിഞ്ഞതിനെ തുടര്‍ന്നാണ് ഈശ്വരപ്പ 'സങ്കോളി രായണ്ണ ബ്രിഗേഡു'മായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നതെന്ന്് കോണ്‍ഗ്രസ് നേതാവ് രേവണ്ണ ആരോപിച്ചു.
Share this Article
Related Topics