ഹിജാബ് ധരിച്ചെത്തിയതിനെത്തുടർന്ന് യെലഹങ്കയിലെ സർക്കാർ പി.യു. കോളേജിൽ പ്രവേശിപ്പിക്കാതിരുന്ന വിദ്യാർഥികൾ മതിൽക്കെട്ടിന് പുറത്തിരിക്കുന്നു
ബെംഗളൂരു : കർണാടകത്തിൽ ഹിജാബ് വിലക്കിനെതിരേ പ്രതിഷേധിച്ച വിദ്യാർഥിനികളുടെ പേരിൽ പോലീസ് കേസെടുത്തു.
തുമകൂരു എമ്പ്രസ് കോളേജിലെ 20-ഓളം വിദ്യാർഥികളുടെ പേരിലാണ് കേസ്. നിരോധനാജ്ഞ ലംഘിച്ച് കോളേജിനുമുമ്പിൽ പ്രതിഷേധിച്ചത് ചൂണ്ടിക്കാട്ടി കോളേജ് പ്രിൻസിപ്പൽ തുമകൂരു സിറ്റി പോലീസിൽ നൽകിയ പരാതിയിലാണ് നടപടി.
വിദ്യാർഥിനികളുടെ പേര് ചൂണ്ടിക്കാട്ടാതെയാണ് പ്രിൻസിപ്പൽ പരാതിനൽകിയത്. ഹിജാബ് വിലക്കിനെതിരേ പ്രതിഷേധിച്ച വിദ്യാർഥിനികളുടെ പേരിൽ ആദ്യമായാണ് പോലീസ് കേസെടുക്കുന്നത്.
കോളേജുകളിൽ വെള്ളിയാഴ്ചയും വിദ്യാർഥിനികളുടെ പ്രതിഷേധം തുടർന്നു. ഹാസനിൽ ഹിജാബ് ധരിച്ചെത്തിയ 20 വിദ്യാർഥിനികൾ ക്ലാസിൽ പ്രവേശിക്കാൻ കഴിയാതെ മടങ്ങി. മടിക്കേരി കോളേജിൽ ഹിജാബ് ധരിച്ചെത്തിയ 15-ഓളം വിദ്യാർഥികൾ ക്ലാസിൽ പ്രവേശിപ്പിക്കാത്തതിനെത്തുടർന്ന് പ്രതിഷേധിച്ചു. ഉഡുപ്പിയിലെ ഒരു കോളേജിൽ വിദ്യാർഥിനികളോട് ഐക്യദാർഢ്യം പ്രകടിപ്പിച്ച് ഏതാനും ആൺകുട്ടികൾ ക്ലാസ് ബഹിഷ്‌കരിച്ചു.
ചിത്രദുർഗ ഗവ.പി.യു.കോളേജിൽ പ്രതിഷേധിച്ച വിദ്യാർഥിനികളെ പോലീസ് ഇടപെട്ട് നീക്കി. കോളേജ് പരിസരത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചത് ചൂണ്ടിക്കാട്ടിയായിരുന്നു നടപടി. ബെംഗളൂരു യെലഹങ്കയിലെ ഒരു പ്രീ-യൂണിവേഴ്‌സിറ്റി കോളേജിലും പ്രതിഷേധമുണ്ടായി.
ചിത്രദുർഗയിലെ എസ്.ആർ.എസ്. കോളേജിൽ ഹിജാബ് ധരിച്ചെത്തിയ വിദ്യാർഥിനികൾ പ്രതിഷേധിക്കുമ്പോൾ കോളേജ് കാമ്പസിനുള്ളിൽനിന്നും ഏതാനും ഹിന്ദുവിദ്യാർഥികൾ മതപരമായ മുദ്രാവാക്യം മുഴക്കി. തുമകൂരു ജെയ്ൻ പി.യു. കോളേജിൽ ഹിജാബ് ധരിക്കാൻ അനുവദിക്കാത്തതിനെത്തുടർന്ന് ഒരധ്യാപിക ജോലി രാജിവെച്ചു.
ശിവമോഗയിലെ ശിക്കാരിപുര ശിരലകൊപ്പയിൽ വിദ്യാർഥിനികൾ പ്രതിഷേധറാലി നടത്തി. ‘ഞങ്ങൾക്ക് നീതിവേണം’എന്നാവശ്യപ്പെട്ട മുദ്രാവാക്യം മുഴക്കിയായിരുന്നു റാലി.
ബെലഗാവി ഖാനാപുരയിലെ കോളേജിൽ ഹിജാബ് ധരിച്ചെത്തിയ വിദ്യാർഥിനികളെ എതിർത്ത് കാവി ഷാൾ ധരിച്ച് ഏതാനും ആൺകുട്ടികളെത്തി. ഇവരെ കോളേജിൽ പ്രവേശിപ്പിക്കാതെ തിരിച്ചയച്ചു.