ബെംഗളൂരു : ഹിജാബ് ധരിക്കുന്നത് ഇസ്‌ലാമിലെ ഒഴിവാക്കാനാകാത്ത മതാചാരമല്ലെന്ന് കർണാടക സർക്കാർ ഹൈക്കോടതിയിൽ. ക്ലാസ് മുറിയിൽ ഹിജാബ് ധരിക്കാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് ഉഡുപ്പി പ്രീ-യൂണിവേഴ്‌സിറ്റി കോളേജിലെ വിദ്യാർഥികൾ സമർപ്പിച്ച ഹർജിയിലെ വാദത്തിനിടെ സർക്കാരിനുവേണ്ടി ഹാജരായ അഡ്വക്കറ്റ് ജനറൽ പ്രഭുലിംഗ് കെ. നവാദ്ഗിയാണ് ഇക്കാര്യം കോടതിയെ അറിയിച്ചത്.
ശബരിമലകേസിലും ഷയാരാ ബാനു കേസിലും (ട്രിപ്പിൾ തലാക്ക്) സുപ്രീം കോടതി പുറപ്പെടുവിച്ച വിധികളുടെ അടിസ്ഥാനത്തിൽ ഹിജാബ് ധരിക്കുന്നതിന് ഭരണഘടനാപരമായ ധാർമികതയും വ്യക്തിപരമായ അന്തസ്സും ഉണ്ടോയെന്ന് പരിശോധിച്ച് ബോധ്യപ്പെടേണ്ടതുണ്ടെന്നും അഡ്വക്കറ്റ് ജനറൽ വാദിച്ചു.
സർക്കാർ മതകാര്യത്തിൽ ഇടപെട്ടിട്ടില്ല. കോളേജുകളിൽ നിർദേശിച്ചിട്ടുള്ള യൂണിഫോം ധരിക്കണമെന്നു മാത്രമാണ് സർക്കാർ ഉത്തരവിലൂടെ നിർദേശിച്ചത്. ഫെബ്രുവരി അഞ്ചിന് സർക്കാർ ഇറക്കിയ ഉത്തരവ് വിദ്യാഭ്യാസനിയമത്തെ പിൻപറ്റിയാണ്. വിദ്യാർഥികളുടെ യൂണിഫോം നിയമം സംബന്ധിച്ച് തീരുമാനമെടുക്കാൻ കോളേജ് വികസന സമിതികളെ അനുവദിക്കുകയാണ് സർക്കാർ ചെയ്തത്.
ഉത്തരവിന്റെപേരിൽ സർക്കാരിനെതിരായുയർന്ന ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും അഡ്വക്കറ്റ് ജനറൽ വാദിച്ചു. ചീഫ് ജസ്റ്റിസിന് ഋതുരാജ് അവാസ്തി, ജസ്റ്റിസ് ജെ.എം. ഖാസി, ജസ്റ്റിസ് കൃഷ്ണ എം. ദീക്ഷിദ് എന്നിവരടങ്ങിയ ഫുൾബെഞ്ചാണ് ഹർജികളിൽ വാദംകേൾക്കുന്നത്. വാദം തിങ്കളാഴ്ച തുടരുമെന്ന് കോടതി അറിയിച്ചു.
Share this Article
Related Topics