മൈസൂരു : ബൈക്ക് വൈദ്യുതത്തൂണിലിടിച്ചുണ്ടായ അപകടത്തിൽ വിദ്യാർഥി മരിച്ചു. വിജയനഗറിലെ സ്വകാര്യ കോളേജിലെ അവസാനവർഷ ബി.ബി.എ. വിദ്യാർഥിയായ വിവേകാനന്ദനഗർ നിവാസി സുമുഖ് (21) ആണ് മരിച്ചത്. ബൈക്കോടിച്ചിരുന്നത് സുമുഖായിരുന്നു. പിൻസീറ്റിൽ യാത്രചെയ്തിരുന്ന വിദ്യാർഥിനിക്ക് ഗുരുതരമായി പരിക്കേറ്റു. ബോഗാധിയിലെ സ്വകാര്യ കോളേജിലെ ബി.ബി.എ. വിദ്യാർഥിനിയായ രാജരാജേശ്വരിനഗർ നിവാസി കെ.എ. അക്ഷത് റാണിക്കാണ് പരിക്കേറ്റത്. ഔട്ടർ റിങ് റോഡിൽ ദത്തഗള്ളിക്ക് സമീപമാണ് അപകടം.
അക്ഷത് റാണിയെ നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച രാവിലെ ഇരുവരും ബൈക്കിൽ രാമകൃഷ്ണനഗറിലേക്ക് പോകവേയാണ് അപകടമുണ്ടായത്. അതിവേഗത്തിലായിരുന്ന മറ്റൊരു വാഹനത്തെ മറികടക്കാൻ ശ്രമിക്കവേ നിയന്ത്രണംവിട്ട ബൈക്ക് വൈദ്യുതത്തൂണിൽ ഇടിക്കുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. ഇടിയുടെ ആഘാതത്തിൽ ഇരുവരും ദൂരേക്ക് തെറിച്ചുവീണു. രണ്ടുപേരും ഹെൽമെറ്റ് ധരിച്ചിരുന്നില്ല. കെ.ആർ. ട്രാഫിക് പോലീസ് കേസെടുത്തു.