ബെംഗളൂരു : ബി.ബി.എം.പി. നൽകാനുള്ള കുടിശ്ശിക അനുവദിക്കാത്തതിൽ പ്രതിഷേധിച്ച് അനിശ്ചിതകാലസമരവുമായി നഗരത്തിലെ മാലിന്യകരാറുകാർ.
വെള്ളിയാഴ്ച ഒരുവിഭാഗം കരാറുകാർ മാലിന്യം ശേഖരിക്കുന്നതിൽനിന്ന് വിട്ടുനിന്നു. കോർപ്പറേഷന്റെ ഭാഗത്തുനിന്ന് നടപടികളുണ്ടായില്ലെങ്കിൽ വരുംദിവസങ്ങളിൽ കൂടുതൽ കരാറുകാർ സമരത്തിൽ പങ്കെടുക്കുമെന്നാണ് സൂചന. ഇതോടെ നഗരത്തിലെ മാലിന്യനീക്കം നിലയ്ക്കും.
248 കോടി രൂപയാണ് കോർപ്പറേഷൻ കരാറുകാർക്ക് നൽകാനുള്ളതെന്ന് ബി.ബി.എം.പി. ഗാർബേജ് കോൺട്രാക്ടേഴ്‌സ് അസോസിയേഷൻ പ്രസിഡന്റ് എസ്.എൻ. ബാലസുബ്രഹ്മണ്യൻ ആരോപിച്ചു.
പണം ലഭിക്കാതായതോടെ ജീവനക്കാർക്ക് ശമ്പളം നൽകാൻ കഴിയാത്ത സാഹചര്യമാണുള്ളത്. പണം അനുവദിക്കണമെന്നാവശ്യപ്പെട്ട് കോർപ്പറേഷന് കത്തുനൽകിയെങ്കിലും കാര്യമായ നടപടികളുണ്ടായില്ലെന്ന് ബാലസുബ്രഹ്മണ്യൻ പറഞ്ഞു.
എന്നാൽ, സമരം പിൻവലിക്കണമെന്നും വിഷയത്തിൽ ചർച്ച നടത്താമെന്നും ബി.ബി.എം.പി. ജോയന്റ് കമ്മിഷണർ സർഫാസ് ഖാൻ കരാറുകാരെ അറിയിച്ചിട്ടുണ്ട്. മൂന്നുമാസത്തിനിടെ മൂന്നാംതവണയാണ് മാലിന്യകരാറുകാർ സമരം പ്രഖ്യാപിക്കുന്നത്. രണ്ടുതവണയും ആവശ്യമായ നടപടി സ്വീകരിക്കാമെന്ന് കോർപ്പറേഷൻ അറിയിച്ചതിനെത്തുടർന്ന് സമരം പിൻവലിക്കുകയായിരുന്നു.
എന്നാൽ, രേഖാമൂലമുള്ള ഉറപ്പുലഭിക്കാതെ ഇനി സമരത്തിൽനിന്ന് പിൻമാറേണ്ടെന്ന നിലപാടിലാണ് കരാറുകാരുടെ സംഘടന. അതേസമയം സമരം തുടർന്നാൽ നഗരത്തിൽ കനത്തപ്രതിസന്ധിയുണ്ടാകും. രണ്ടോ മൂന്നോ ദിവസം മാലിന്യം ശേഖരിച്ചില്ലെങ്കിൽപോലും പലയിടങ്ങളിലും മാലിന്യക്കൂമ്പാരം രൂപപ്പെടുന്ന സാഹചര്യമാണുള്ളത്.