ബെംഗളൂരു അപ്പോളോ ആശുപത്രിയിൽ വാക്സിൻ സ്വീകരിക്കുന്ന ജെ. കാമേശ്വരി
ബെംഗളൂരു : രാജ്യത്ത് കോവിഡ് സ്വീകരിക്കുന്ന ഏറ്റവും പ്രായംകൂടിയ വനിതയായി ബെംഗളൂരു സ്വദേശിനി. 103 വയസ്സുകാരിയായ ജെ. കാമേശ്വരിയാണ് കോവിഡ് വാക്സിനേഷനിൽ പുതിയ ചരിത്രമെഴുതിയത്.
ബെന്നാർഘട്ട റോഡിലെ അപ്പോളോ ആശുപത്രിയിൽ 77-കാരനായ മകൻ പ്രസാദ് റാവുവിനും മറ്റ് കുടുംബാംഗങ്ങൾക്കുമൊപ്പമാണ് ജെ. കാമേശ്വരി വാക്സിൻ സ്വീകരിച്ചത്. ലഭ്യമായ കണക്കുകളനുസരിച്ച് കോവിഡ് വാക്സിൻ സ്വീകരിക്കുന്ന രാജ്യത്തെ ഏറ്റവും പ്രായംകൂടിയ വനിതയാണ് കാമേശ്വരിയെന്ന് അപ്പോളോ ആശുപത്രി അധികൃതർ അറിയിച്ചു. നേരത്തേ ഡൽഹിയിൽ സുമിത്ര ധാൻഡിയയെന്ന നൂറുവയസ്സുകാരിയും വാക്സിൻ സ്വീകരിച്ചിരുന്നു.
103 വയസ്സുകാരി വാക്സിനെടുത്തത് ആരോഗ്യപ്രവർത്തകർക്ക് വലിയ ആത്മവിശ്വാസമാണ് നൽകുന്നതെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. വാക്സിനെടുക്കാൻ വയോധികർക്ക് കാമേശ്വരി പ്രചോദനമാകും. അരമണിക്കൂർ നിരീക്ഷണത്തിൽ കഴിഞ്ഞശേഷമാണ് കാമേശ്വരി വാക്സിനേഷൻ കേന്ദ്രത്തിൽനിന്ന് മടങ്ങിയത്. വാക്സിനെടുത്തശേഷം ഇവർക്കും കുടുംബാംഗങ്ങൾക്കും ഒരു ആരോഗ്യപ്രശ്നവുമുണ്ടായില്ലെന്നും അധികൃതർ അറിയിച്ചു.
അതേസമയം സംസ്ഥാനത്ത് സ്ത്രീകളുടെ വാക്സിനേഷൻ പ്രോത്സാഹിപ്പിക്കാനായി പ്രത്യേക പിങ്ക് ബൂത്തുകൾ ക്രമീകരിച്ചുവരികയാണ്. ഇത്തരം കേന്ദ്രങ്ങളിലെ മുഴുവൻ ജീവനക്കാരും വനിതകളായിരിക്കും. ഒരു ജില്ലയിൽ ചുരുങ്ങിയത് രണ്ട് പിങ്ക് വാക്സിനേഷൻ കേന്ദ്രങ്ങളെങ്കിലും ഒരുക്കാനാണ് സംസ്ഥാന ആരോഗ്യവകുപ്പിന്റെ തീരുമാനം.