ബെംഗളൂരു: നഗരത്തെ ഞെട്ടിച്ചതായിരുന്നു 2013 നവംമ്പർ 19-നുണ്ടായ എ.ടി.എം. കൗണ്ടറിലെ ആക്രമണം. രാജ്യത്തുതന്നെ ചർച്ചയാകുകയും എ.ടി.എം. സുരക്ഷാ കാര്യത്തിൽ ബാങ്കുകൾക്ക് ശക്തമായ നടപടിയെടുക്കേണ്ടിയും വന്നു.
സുരക്ഷാ ഗാർഡ്, സി.സി.ടി.വി. ക്യാമറ, അലാറം തുടങ്ങിയ സുരക്ഷാ സംവിധാനങ്ങൾ കർശനമാക്കിയത് ഈ സംഭവത്തോടെയാണ്.
സുരക്ഷയിൽ വീഴ്ചവരുത്തിയ ബാങ്കുകൾക്കെതിരേ പോലീസ് കേസെടുക്കുകയും പല എ.ടി.എമ്മുകളും അടച്ചിടേണ്ടിവരികയും ചെയ്തു. മകളുടെ പിറന്നാളിന് സമ്മാനം വാങ്ങാനായി പണം എടുക്കുന്നതിനാണ് തിരുവന്തപുരം സ്വദേശിയും കോർപ്പറേഷൻ ബാങ്ക് ഉദ്യോഗസ്ഥയുമായ ജോതി ഉദയ് രാവിലെ ഏഴുമണിക്ക് എ.ടി.എം. ബൂത്തിലെത്തിയത്.
എ.ടി.എം. ബുത്തിൽ ജ്യോതി ഉദയ് കയറിയതിന് പിന്നാലെ കയറിയ ആക്രമി ഷട്ടർ താഴ്ത്തി എ.ടി.എം. കാർഡ് ഉപയോഗിച്ച് പണം എടുത്തുതരാൻ ആവശ്യപ്പെടുകയായിരുന്നു. ഇതിന് വഴങ്ങാത്തതിനെത്തുടർന്ന് ആദ്യം തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി. പിന്നീട് വടിവാൾകൊണ്ട് തലയ്ക്ക് മാരകമായി വെട്ടുകയായിരുന്നു. വെട്ടേറ്റുവീണ ജ്യോതി ഉദയിൽനിന്ന് എ.ടി.എം. കാർഡ് സ്വന്തമാക്കി പുറത്തുകടന്നതിനുശേഷം എ.ടി.എം. ബൂത്തിന്റെ ഷട്ടർ താഴ്ത്തി രക്ഷപ്പെടുകയായിരുന്നു. ഷട്ടർ താഴ്ത്തിയതിനാൽ മൂന്നു മണിക്കൂറിനുശേഷം രക്തം റോഡിലേക്കിറങ്ങിയപ്പോഴാണ് സംഭവം പുറത്തറിയുന്നത്. പോലീസെത്തി ഷട്ടർ ഉയർത്തിയപ്പോഴാണ് രക്തത്തിൽ കുളിച്ചുകിടക്കുന്ന ജ്യോതി ഉദയിനെ കണ്ടത്.
ആക്രമണം നടന്ന് രണ്ടു ദിവസത്തിനുശേഷം ജ്യോതി ഉദയിന്റെ മൊബൈൽ ഫോൺ ആന്ധ്രയിലെ അനന്തപുരിൽനിന്ന് കണ്ടെടുത്തിരുന്നു. എന്നാൽ, പ്രതിയെ കണ്ടെത്താൻ കഴിഞ്ഞില്ല. മുഖ്യമന്ത്രിയായിരുന്ന ഉമ്മൻചാണ്ടിയടക്കം നിരവധി നേതാക്കൾ ജ്യോതി ഉദയിനെ സന്ദർശിക്കാനെത്തിയിരുന്നു. കാട്ടുകള്ളൻ വീരപ്പനെ പിടികൂടാൻ നിയോഗിച്ചതുപോലെയുള്ള പോലീസ് സംഘത്തെയാണ് കർണാടക, ആന്ധ്ര സർക്കാർ നിയോഗിച്ചത്.
ഇരു സംസ്ഥാനങ്ങളിലെയും 500-ഓളം പോലീസുകാർ മാസങ്ങളോളം തീവ്ര അന്വേഷണം നടത്തിയെങ്കിലും പ്രതിയെ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. പ്രതിയുടെ രേഖാചിത്രം തയ്യാ-1റാക്കി വിതരണംചെയ്തു. ആന്ധ്ര, കർണാടക സർക്കാരുകൾ വിവരം നൽകുന്നവർക്ക് പാരിതോഷികവും പ്രഖ്യാപിച്ചു. എന്നാൽ, ഒരു വിവരവും പോലീസിന് ലഭിച്ചില്ല. മൂന്നുവർഷങ്ങൾക്കുശേഷമാണ് പ്രതി അറസ്റ്റിലായവിവരം എത്തുന്നത്. ആന്ധ്രയിൽ പിടിയിലായപ്രതിയെ കൂടുതൽ ചോദ്യം ചെയ്യാനായി ബെംഗളൂരുവിലെത്തിക്കും.