കൊളംബോ: വേള്‍ഡ് മലയാളി കൗണ്‍സില്‍ ആവിഷ്‌കരിക്കുന്ന ഭാവനാപൂര്‍ണമായ പദ്ധതികള്‍ക്കും കര്‍മപരിപാടികള്‍ക്കും കേരള സര്‍ക്കാരിന്റെ പിന്തുണ സംസ്ഥാന കൃഷി വകുപ്പു മന്ത്രി വി.കെ സുനില്‍കുമാര്‍ വാഗ്ദാനം ചെയ്തു. നിഗംബോയിലെ ജെറ്റ് വിംഗ് ബ്ലൂ റിസോര്‍ട്ടില്‍ നടന്നുവന്ന കൗണ്‍സില്‍ 10-ാമത് ഗ്ലോബല്‍ കോണ്‍ഫറന്‍സിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ശ്രീലങ്ക ഫോറിന്‍ അഫയേഴ്‌സ് മന്ത്രാലയം ഡയറക്ടര്‍ ജനറല്‍ ഒ.എല്‍ അമീര്‍ അജ്വാദ് മുഖ്യ പ്രഭാഷണം നടത്തി. എം.എല്‍. എ മാരായ ആന്റണി ജോണ്‍, ഐ.സി ബാലകൃഷ്ണന്‍, എല്‍ദോസ് കുന്നപ്പള്ളി, ശ്രീലങ്കന്‍ സര്‍ക്കാരിന്റെ ്ഹെല്‍ത്ത് സര്‍വീസസിന്റെ ആക്ടിങ്ങ് ഡയറക്ടര്‍ ജനറല്‍ ഡോ. അമല്‍ ഹര്‍ഷ ഡിസില്‍വ, കൗണ്‍സിലിന്റെ ഇന്ത്യ റീജിയണ്‍ ചെയര്‍മാന്‍ ബേബി മാത്യു സോമതീരം തുടങ്ങിവര്‍ ആശംസ അര്‍പ്പിച്ചു. ഗ്ലോബല്‍ പ്രസിഡന്റ് മാത്യു ജേക്കബ്ബ് സന്ദേശം നല്‍കി. ഗ്ലോബല്‍ ജനറല്‍ സെക്രട്ടറി ഡോ. ജോര്‍ജ് കാക്കനാട്ട് സ്വാഗതവും മിഡില്‍ ഈസ്റ്റ് റീജിയന്‍ പ്രതിനിധി ജോണ്‍ മത്തായി നന്ദിയും പറഞ്ഞു.
തൃശൂര്‍ ജില്ലയിലെ വന്ദനപ്പള്ളി പഞ്ചായത്തിലുള്ള വിമലഗിരി ട്രൈബല്‍ കോളനി ദത്തെടുക്കാന്‍ സമ്മേളനം തീരുമാനിച്ചു. കേരളത്തില്‍ ഡബ്ല്യു.എം.സി സെന്ററും ഹിസ്റ്ററി മ്യൂസിയവും ആരംഭിക്കും. ഇതിന്റെ തറക്കല്ലിടല്‍ 2017 ആഗസ്റ്റില്‍ നടക്കുന്ന എന്‍.ആര്‍.കെ സമ്മേളനത്തില്‍ നിര്‍വഹിക്കും . മലയാളി ബിസിനസ്സുകാരെ തമ്മില്‍ കോര്‍ത്തിണക്കുന്നതിനായി വേള്‍ഡ് വൈഡ് മലയാളി ചേംബര്‍ ഓഫ് കൊമേഴ്‌സ് ഡബ്ല്യു.എം.സിയുമായി ചേര്‍ന്നു പ്രവര്‍ത്തിക്കുവാന്‍ തീരുമാനിച്ചു. മറ്റ് ഇന്ത്യന്‍ സംഘടനകളുമായി ചേര്‍ന്ന് പ്രവാസി മലയാളികള്‍ക്ക് വോട്ടവകാശം നേടിയെടുക്കാന്‍ പരിശ്രമിക്കാനും സമ്മേളനം ആഹ്വാനം ചെയ്തു. ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നും മടങ്ങുന്ന നിര്‍ദ്ധനരായ മലയാളികള്‍ക്ക് പ്രതിമാസ പെന്‍ഷന്‍ പദ്ധതി നടപ്പാക്കാനും തീരുമാനിച്ചു.