ബോൺ: പ്രളയക്കെടുതിയിൽ ദുരിതമനുഭവിക്കുന്ന കേരളത്തിനുവേണ്ടി ജർമനിയിലെ പ്രവാസിമലയാളികളിൽനിന്ന് പരമാവധി ഫണ്ട് സ്വരൂപിക്കുമെന്ന് കേരള വനംവകുപ്പ് മന്ത്രി കെ. രാജു അറിയിച്ചു. ബോണിൽ വേൾഡ് മലയാളി കൗൺസിലിന്റെ വാർഷികസമ്മേളനത്തിൽ പങ്കെടുക്കാനെത്തിയ മന്ത്രി പരിപാടി വെട്ടിച്ചുരുക്കി നാട്ടിലേക്ക് തിരിക്കുകയാണ്. നേരത്തേ നിശ്ചയിച്ച പരിപാടിയായതിനാലാണ് ജർമനിയിലെ സമ്മേളനത്തിൽ പങ്കെടുക്കാൻ എത്തിയത്. എന്നാൽ, കേരളത്തിലെ സ്ഥിതി കൂടുതൽ ആശങ്കാജനകമായ നിലയിലാണെന്നറിഞ്ഞതിനാൽ ഒരാഴ്ചത്തെ പരിപാടി വെട്ടിച്ചുരുക്കി ഉടൻ നാട്ടിലേക്ക് തിരിക്കുകയാണെന്ന് അദ്ദേഹം അറിയിച്ചു. വെള്ളിയാഴ്ചയാണ് സമ്മേളനം ആരംഭിച്ചത്.
വേൾഡ് മലയാളി കൗൺസിൽ കേരളത്തിന് അകമഴിഞ്ഞ സഹായം നൽകുമെന്ന് അറിയിച്ചിട്ടുണ്ട്. പ്രളയദുരിതം നേരിടുന്ന കേരളത്തെ സഹായിക്കാൻ കൗൺസിൽ മുന്നിട്ടിറങ്ങുമെന്ന് ഗ്ലോബൽ പ്രസിഡന്റ് ടി.എം. ജേക്കബ് പറഞ്ഞു. കേരളത്തിൽ വിഷമിക്കുന്ന ജനങ്ങൾക്കൊപ്പമാണ് കൗൺസിലെന്നും എല്ലാ സഹായങ്ങളുമായി ഒപ്പമുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
വൈകീട്ട് നടന്ന ഉദ്ഘാടനസമ്മേളനത്തിൽ മന്ത്രി കെ. രാജു, എം.പി.മാരായ ശശി തരൂർ, ഇ.ടി. മുഹമ്മദ് ബഷീർ എം.പി., മുൻ ഡി.ജി.പി. എം.എൻ. കൃഷ്ണമൂർത്തി എന്നിവർ സംബന്ധിച്ചു. ഗ്ലോബൽ ചെയർമാൻ ഹാജി പി.എ. ഇബ്രാഹിം, പ്രസിഡന്റ് ടി.എം. ജേക്കബ് എന്നിവർ സംഘടനയുടെ പ്രവർത്തനങ്ങൾ വിശദീകരിച്ചു. 52 രാജ്യങ്ങളിൽനിന്നായി ഇരുനൂറിലേറെ പ്രതിനിധികൾ പങ്കെടുക്കുന്ന സമ്മേളനം ഞായറാഴ്ച സമാപിക്കും.