ഷിക്കാഗോ: ആവേശം നിറഞ്ഞ ഫൈനല്‍ മത്സരത്തില്‍ ക്നാനായ എ- ടീം, ക്നാനായ -ബി ടീമിമെ പരാജയപ്പെടുത്തി എക്യൂമെനിക്കല്‍ കൗണ്‍സില്‍ ഓഫ് കേരളാ ചര്‍ച്ചസിന്റെ ഏഴാമത് വോളിബോള്‍ കിരീടം കരസ്ഥമാക്കി. ഷിക്കാഗോയിലുള്ള 15 ചര്‍ച്ചുകളില്‍ നിന്ന് വിവിധ ടീമുകള്‍ ഈ ടൂര്‍ണമെന്റില്‍ പങ്കെടുത്തു. ഡെസ്പ്ലെയിന്‍സിലുള്ള ഫെല്‍ഡ്മാന്‍ ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരങ്ങളുടെ ഉദ്ഘാടനം എക്യൂമെനിക്കല്‍ കൗണ്‍സില്‍ പ്രസിഡന്റ് റവ. ഏബ്രഹാം സ്‌കറിയ നിര്‍വഹിച്ചു. തുടര്‍ന്നു നടന്ന ഗ്രൂപ്പ് സെമിഫൈനല്‍ മത്സരങ്ങളില്‍ ഷിക്കാഗോ മാര്‍ത്തോമാ ടീം ക്നാനായ എ ടീമിനേയും, സീറോ മലബാര്‍ ടീം ക്നാനായ ബി. ടീമിനേയും നേരിട്ടു. ഈ മത്സരങ്ങളില്‍ ക്നാനായ എ ടീമും, ബി. ടീമും വിജയികളായി.
ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി സംഘടിപ്പിച്ച വോളിബോള്‍ ടൂര്‍ണമെന്റില്‍ ഷിക്കാഗോ മാര്‍ത്തോമാ ജൂണിയര്‍ ടീം, ക്നാനായ ജൂണിയര്‍ ടീമിനെ പരാജയപ്പെടുത്തി വിജയം കൈവരിച്ചു.
ഷിക്കാഗോയിലെ മുഴുവന്‍ കായിക പ്രേമികളേയുംകൊണ്ട് തിങ്ങിനിറഞ്ഞ ഗാലറികള്‍ ആര്‍പ്പുവിളികള്‍കൊണ്ട് മത്സരത്തിന്റെ ആവേശം വാനോളമുയര്‍ത്തി. എക്യൂമെനിക്കല്‍ കൗണ്‍സില്‍ വൈദീകരും, അംഗങ്ങളും മത്സരത്തിന്റെ ക്രമീകരണങ്ങള്‍ക്ക് നേതൃത്വം നല്‍കി. വോളിബോള്‍ ടൂര്‍ണമെന്റിന്റെ വിജയകരമായ നടത്തിപ്പിന് ചുക്കാന്‍ പിടിച്ചത് റവ.ഫാ. ബാബു മഠത്തില്‍പറമ്പില്‍ (ചെയര്‍മാന്‍), രഞ്ജന്‍ ഏബ്രഹാം (ജനറല്‍ കണ്‍വീനര്‍), കണ്‍വീനര്‍മാരായ പ്രവീണ്‍ തോമസ്, ബെഞ്ചമിന്‍ തോമസ്, ജോജോ ജോര്‍ജ്, ജയിംസ് പുത്തന്‍പുരയില്‍, ബിജു ജോര്‍ജ് എന്നിവര്‍ അടങ്ങുന്ന സബ് കമ്മിറ്റിയായിരുന്നു.
15 സഭാ വിഭാഗങ്ങളിലെ ദേവാലയങ്ങള്‍ ഉള്‍പ്പെട്ടിരിക്കുന്ന ഷിക്കാഗോയിലെ എക്യൂമെനിക്കല്‍ കൗണ്‍സിലിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത് റവ. ഏബ്രഹാം സ്‌കറിയ (പ്രസിഡന്റ്), റവ.ഫാ. മാത്യൂസ് ജോര്‍ജ് (വൈസ് പ്രസിഡന്റ്), ഗ്ലാഡ്സണ്‍ വര്‍ഗീസ് (സെക്രട്ടറി), ജോണ്‍സണ്‍ കണ്ണൂക്കാടന്‍ (ട്രഷറര്‍), ടീനാ തോമസ് (ജോയിന്റ് സെക്രട്ടറി) എന്നിവര്‍ അടങ്ങുന്ന കമ്മിറ്റിയാണ്.
ജോയിച്ചന്‍ പുതുക്കുളം