ഷിക്കാഗോ: ലോകമെമ്പാടുമുള്ള സ്ത്രീകളുടെ ഉന്നമനത്തിനും, അവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുന്നതിനും ഷിക്കാഗോ എക്യൂമെനിക്കല്‍ കൗണ്‍സില്‍ ഒരുദിനം മാറ്റിവച്ചു. ഓരോ വര്‍ഷവും ഒരു രാജ്യത്തെ സ്ത്രീകള്‍ക്കുവേണ്ടിയും അവര്‍ അനുഭവിക്കുന്ന പ്രശ്നങ്ങള്‍ക്കുവേണ്ടിയും പ്രത്യേക പ്രാര്‍ത്ഥനകള്‍ നടത്താറുണ്ട്. ഈവര്‍ഷം സ്ലോവേനിയ എന്ന രാജ്യത്തെയാണ് തെരഞ്ഞെടുത്തിരുന്നത്.
ബെല്‍വുഡ് സെന്റ് ഗ്രിഗോറിയോസ് കത്തീഡ്രലില്‍ വച്ചു നടന്ന ഈ പ്രാര്‍ത്ഥനാവേദിക്ക് വികാരി റവ.ഫാ. ഡാനിയേല്‍ ജോര്‍ജ് സ്വാഗതം ആശംസിച്ചു. ലോക പ്രാര്‍ത്ഥനാദിനത്തിന്റെ ചെയര്‍മാനായി പ്രവര്‍ത്തിച്ച റവ.ഫാ. രാജു ദാനിയേല്‍ പ്രാരംഭമായി ലോക പ്രാര്‍ത്ഥനാദിനത്തിന്റെ അനിവാര്യതയെപ്പറ്റി സംസാരിച്ചു. ചിക്കാഗോ മാര്‍ത്തോമാ ദേവാലയത്തിലെ ഷിജി അലക്സ് പ്രാര്‍ത്ഥനയും, കുടുംബജീവിതത്തില്‍ യേശുക്രിസ്തുവിനെ മുന്‍നിര്‍ത്തിയുള്ള ചിന്തകളേയും ഉള്‍പ്പെടുത്തി ക്ലാസുകള്‍ നയിച്ചു.
സെന്റ് ഗ്രിഗോറിയോസ് എല്‍മസ്റ്റ് സ്ത്രീ സമാജം അംഗങ്ങള്‍ നടത്തിയ ലഘുനാടകം ഏവരുടേയും ശ്രദ്ധ നേടി. കണ്‍വീനറായി പ്രവര്‍ത്തിച്ച് ഏലിയാമ്മ പുന്നൂസ് സദസിനെ നിയന്ത്രിച്ചു. അലീന ഡാനിയേല്‍ നന്ദി അര്‍പ്പിച്ചു. ഷിക്കാഗോയിലെ ഒട്ടുമിക്ക വൈദികരും ചടങ്ങില്‍ സന്നിഹിതരായിരുന്നു.
ഫാ.ബാബു മഠത്തിപ്പറമ്പില്‍ (പ്രസിഡന്റ്), റവ. സുനീത്ത മാത്യു (വൈസ് പ്രസിഡന്റ്), ജോര്‍ജ് മാത്യു (സെക്രട്ടറി), ആന്റോ കവലയ്ക്കല്‍ (ട്രഷറര്‍), സിനില്‍ ഫിലിപ്പ് (ജോയിന്റ് സെക്രട്ടറി) എന്നിവരാണ് ഈവര്‍ഷത്തെ കൗണ്‍സിലിനെ നയിക്കുന്നത്.
ജോയിച്ചന്‍ പുതുക്കുളം