കുമ്പനാട് കണ്‍വന്‍ഷന്‍ ജനവരിയില്‍


2 min read
Read later
Print
Share

ഷിക്കാഗോ: ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭയുടെ 93-ാമത് ജനറല്‍ കണ്‍വെന്‍ഷന്‍ ജനവരി 15 മുതല്‍ 22 വരെ കുമ്പനാട് ഹെബ്രോണ്‍ പുരത്ത് നടക്കുമെന്ന് സഭയുടെ അന്തര്‍ദേശീയ പ്രസിഡന്റ് പാസ്റ്റര്‍ ജേക്കബ് ജോണ്‍ ഷിക്കാഗോയില്‍ അറിയിച്ചു. കണ്‍വെന്‍ഷനു മുന്നോടിയായി ഈവര്‍ഷവും ഒരാഴ്ച നീണ്ടുനില്‍ക്കുന്ന ഉപവാസ ഉണര്‍വ് പ്രാര്‍ത്ഥനകള്‍ ജനവരി 8 മുതല്‍ കുമ്പനാട് നടക്കും. ഇന്ത്യയിലെ ഏറ്റവും വലിയ പെന്തക്കോസ്ത് സംഗമമായ കുമ്പനാട് കണ്‍വെന്‍ഷന്റെ നവീകരിച്ച വിശാലമായ പന്തലിന്റെ ഉദ്ഘാടനം ജനവരി 8 ന് വൈകീട്ട് നടക്കും.

കണ്‍വെന്‍ഷനോടനുബന്ധിച്ച് വിപുലമായ ക്രമീകരണങ്ങള്‍ ഈവര്‍ഷവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. രാവിലെ 5 മണിക്ക് ആരംഭിക്കുന്ന മധ്യസ്ഥ പ്രാര്‍ത്ഥനയോടെയാണ് ഓരോ ദിവസവും പരിപാടികള്‍ ആരംഭിക്കുന്നത്. ബൈബിള്‍ ക്ലാസ്, കുട്ടികളുടെ പ്രോഗ്രാം, മിഷണറി സമ്മേളനം, യുവജന സമ്മേളനം, സുവിശേഷ യോഗം, ബൈബിള്‍ കോളജ് ഗ്രാജ്വേഷന്‍, സോദരി സമാജ വാര്‍ഷികം, സ്‌നാന ശുശ്രൂഷ, പ്രവാസി വിശ്വാസികളുടെ സമ്മേളനം തുടങ്ങിയ വിവിധ പരിപാടികള്‍ ഇതോടനുബന്ധിച്ച് നടക്കും. ജനവരി 22-ന് ഞായറാഴ്ച രാവിലെ 7 മണിക്ക് തിരുവത്താഴ ശുശ്രൂഷയോടെ ആരംഭിക്കുന്ന സമാപനദിന ശുശ്രൂഷകള്‍ ഉച്ചയോടെ സമാപിക്കും.

അന്തര്‍ദേശീയ പ്രസിഡന്റ് പാസ്റ്റര്‍ ജേക്കബ് ജോണിനു പുറമെ പാസ്റ്റര്‍ വില്‍സണ്‍ ജോസഫ് (വൈസ് പ്രസിഡന്റ്), പാസ്റ്റര്‍ കെ.സി ജോണ്‍ (ജനറല്‍ സെക്രട്ടറി), പാസ്റ്റര്‍ തോമസ് ഫിലിപ്പ് (ജോ. സെക്രട്ടറി), സജി പോള്‍ (ട്രഷറര്‍) എന്നിവരും കേരളാ സ്റ്റേറ്റ് കൗണ്‍സില്‍ ഭാരവാഹികളും കണ്‍വന്‍ഷന് നേതൃത്വം നല്‍കും. പങ്കെടുക്കുന്ന എല്ലാവര്‍ക്കും എല്ലാ ദിവസവും ഭക്ഷണ ക്രമീകരണങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഈവര്‍ഷത്തെ കണ്‍വെന്‍ഷന്റെ അനുഗ്രഹത്തിനായി എല്ലാ വിശ്വാസികളുടേയും പ്രാര്‍ത്ഥനയും സാമ്പത്തിക സഹകരണവും ജനറല്‍ പ്രസിഡന്റ് പാസ്റ്റര്‍ ജേക്കബ് ജോണ്‍ ആവശ്യപ്പെട്ടു.

ഷിക്കാഗോയില്‍ നടന്ന ഐ.പി.സി സെന്‍ട്രല്‍ റീജിയന്റെ പ്രത്യേക പ്രാര്‍ത്ഥനാ സമ്മേളനത്തില്‍ മുഖ്യാതിഥിയായി പങ്കെടുത്ത് സംസാരിച്ച അദ്ദേഹം സഭാ വിശ്വാസികള്‍ പ്രാര്‍ത്ഥനയ്ക്കും വിശുദ്ധീകരണത്തിനും പ്രാധാന്യം നല്‍കുന്നതിനൊപ്പം പീഡിതര്‍ക്ക് സഹായഹസ്തങ്ങളും വിശപ്പുള്ളവര്‍ക്ക് ഭക്ഷണം നല്‍കുന്നതിലും ഉത്സുകരാകണമെന്ന് പ്രബോധിപ്പിച്ചു.

റീജിയന്‍ പ്രസിഡന്റ് പാസ്റ്റര്‍ തോമസ് കോശി അധ്യക്ഷത വഹിച്ച സമ്മേളനത്തില്‍ വിവിധ വിഷയങ്ങള്‍ക്കായി പ്രത്യേക പ്രാര്‍ത്ഥനകളും നടത്തി. പാസ്റ്റര്‍ പി.സി. മാമ്മന്‍ സമാപന പ്രാര്‍ത്ഥനയും ആശീര്‍വാദവും നല്‍കി.

ജോയിച്ചന്‍ പുതുക്കുളം

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram