To advertise here, Contact Us



യെമനില്‍ ഹോട്ടലിനുനേരേ റോക്കറ്റ് ആക്രമണം: 15 മരണം


2 min read
Read later
Print
Share

മരിച്ചവരില്‍ നാല് യു.എ.ഇ. സൈനികരും അറബ് സഖ്യസേനയ്ക്ക് നഷ്ടമായത് 15 സൈനികരെ

ദുബായ്: യെമനിലെ ഏദനില്‍ നാല് യു.എ.ഇ. സൈനികരടക്കം അറബ് സഖ്യസേനയിലെ 15 പേര്‍ കൊല്ലപ്പെട്ടു. നിരവധി യെമന്‍ സൈനികരും ജീവനക്കാരും കൊല്ലപ്പെട്ടിട്ടുണ്ട്.

മന്ത്രിമാരും സൈനികരും താമസിച്ചിരുന്ന മൂന്ന് കെട്ടിടങ്ങള്‍ക്ക് നേരെ ഹൂതി വിമതരാണ് മിസൈല്‍ ആക്രമണം നടത്തിയത്. മന്ത്രിമാരെല്ലാവരും സുരക്ഷിതരാണെന്ന് യെമന്‍ അധികൃതര്‍ അറിയിച്ചു.
ഏദനില്‍ ഔദ്യോഗിക ഗവണ്‍മെന്റ് പ്രവര്‍ത്തിക്കുന്ന അല്‍ ഖസര്‍ ഹോട്ടല്‍, യു.എ.ഇ. സൈനികരും യു.എ.ഇ.യുടെ തന്നെ റെഡ് ക്രെസന്റ് പ്രവര്‍ത്തകരും താമസിച്ചിരുന്ന ശൈഖ് ഫരീദ് അല്‍ ഔലാഖിയുടെ കൊട്ടാരം, അല്‍ ശാബ് ഏരിയയില്‍ സഖ്യസേനയിലെ പട്ടാളക്കാര്‍ താമസിച്ചിരുന്ന ക്യാമ്പ് എന്നിവയ്ക്കു നേരെയാണ് ആക്രമണമുണ്ടായത്. റെഡ് ക്രെസന്റ് ജീവനക്കാരില്‍ ആര്‍ക്കെങ്കിലും പരിക്കേറ്റതായി റിപ്പോര്‍ട്ടില്ല.

ഖസര്‍ ഹോട്ടലിലുണ്ടായിരുന്ന മന്ത്രിമാര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. എന്നാല്‍, ഉദ്യോഗസ്ഥരും ജീവനക്കാരുമായ നിരവധി പേര്‍ കൊല്ലപ്പെട്ടിട്ടുണ്ട്.

എത്ര യെമനികള്‍ മരിച്ചെന്നത് തിട്ടപ്പെടുത്താനായിട്ടില്ലെന്ന് യെമന്‍ ഇമിഗ്രേഷന്‍ മന്ത്രി അലാവി ബഫാഖീഹ് വ്യക്തമാക്കി. വിദേശത്ത് അഭയം തേടേണ്ടിവന്ന പ്രസിഡന്റ് അബ്ദുറബ്ബ് അല്‍ ഹാദി സപ്തംബറില്‍ തിരികെയെത്തിയതിനുശേഷം ഏദന്‍ കേന്ദ്രമായാണ് ഗവണ്‍മെന്റ് പ്രവര്‍ത്തിക്കുന്നത്. തലസ്ഥാനനഗരമായ സന ഹൂതികളുടെ നിയന്ത്രണത്തിലാണ്.

കരയുദ്ധത്തിലൂടെ പിടിച്ചുനില്‍ക്കാന്‍ സാധിക്കാത്തതിനാലാണ് ഹൂതികള്‍ വ്യോമാക്രമണത്തിലേക്ക് തിരിഞ്ഞതെന്ന് യു.എ.ഇ. വിദേശകാര്യ സഹമന്ത്രി ഡോ. അന്‍വര്‍ ഗര്‍ഗാഷ് വ്യക്തമാക്കി. സാലിഹിന്റെ സേനയും ഹൂതികളും ചേര്‍ന്ന് യെമനെ നശിപ്പിക്കാന്‍ ശ്രമിക്കുന്നതിന്റെ തെളിവാണിതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സൈനികരുടെ മരണത്തില്‍ യു.എ.ഇ. സായുധസേന ജനറല്‍ ഡയറക്ടറേറ്റ് അനുശോചനം രേഖപ്പെടുത്തി.

മരിച്ച സൈനികന്റെ മൃതദേഹം കൊണ്ടുവന്നു

ദുബായ്: യെമനില്‍ പരിക്കേറ്റ് ജര്‍മനിയില്‍ ചികിത്സയിലിരിക്കേ മരിച്ച യു.എ.ഇ. സൈനികന്‍ ഖമീസ് റാഷിദ് അല്‍ അബ്ദൂലിയുടെ മൃതദേഹം സ്വദേശത്തെത്തിച്ചു. അബുദാബി അല്‍ ബത്തീന്‍ വിമാനത്താവളത്തില്‍ സൈനിക ബഹുമതികളോടെ മൃതദേഹം സ്വീകരിച്ചു. തുടര്‍ന്ന് ഹെലികോപ്റ്ററില്‍ സ്വദേശമായ ഫുജൈറയിലെത്തിച്ച് വീട്ടുകാര്‍ക്ക് കൈമാറി. മആരിബിലുണ്ടായ അപകടത്തിലാണ് ഖമീസ് റാഷിദിന് ഗുരുതരമായി പരിക്കേറ്റിരുന്നത്.
ചൊവ്വാഴ്ച കൊല്ലപ്പെട്ട നാലുപേരടക്കം അറുപതില്‍പ്പരം യു.എ.ഇ. സൈനികരെയാണ് യെമനില്‍ പലപ്പോഴായി മരണപ്പെട്ടത്. സപ്തംബര്‍ നാലിന് വെള്ളിയാഴ്ചയുണ്ടായ ഹൂതി ആക്രമണത്തില്‍ 52 പേര്‍ കൊല്ലപ്പെട്ടതാണ് ഏറ്റവും വലിയ ദുരന്തമായി മാറിയത്.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram
To advertise here, Contact Us
To advertise here, Contact Us
To advertise here, Contact Us