ഐ.എസ് വ്യോമാക്രമണം: യു.എസ് സൈന്യവും റഷ്യയും ചര്‍ച്ചയ്ക്ക്
വാഷിങ്ടണ്‍: സിറിയയിലെ വ്യോമാക്രമണ നിലപാടില്‍ വ്യക്തത വരുത്താന്‍ റഷ്യയും യു.എസ് സൈന്യവും തമ്മില്‍ ചര്‍ച്ച നടത്തും. ഐ.എസിനെതിരെയുള്ള വ്യോമാക്രമണങ്ങളില്‍ റഷ്യയും പങ്കുചേരുന്നതോടെ സിറിയയില്‍ ഇരുരാജ്യങ്ങളും തമ്മില്‍ ' ഏറ്റുമുട്ടല്‍' ഉണ്ടാകാനുള്ള സാധ്യത ഒഴിവാക്കാനാണ് ചര്‍ച്ച.
സിറിയയിലെ ഐ.എസ് തീവ്രവാദികള്‍ക്കെതിരെയാണ് വ്യോമാക്രമണം എന്ന് റഷ്യ പറയുന്നുണ്ടെങ്കിലും ഇരകളാകുന്നവര്‍ ഭീകരര്‍ ആകണമെന്നില്ലെന്ന് യു.എസ് ഡിഫന്‍സ് സെക്രട്ടറി ആഷ് കാര്‍ട്ടര്‍ പ്രതികരിച്ചു.
ബുധനാഴ്ചയാണ് സിറിയയിലെ ഐഎസ് ശക്തികേന്ദ്രങ്ങളില്‍ റഷ്യന്‍ വ്യോമസേന ആക്രമണം നടത്തിയത്. 20 സ്ഥലങ്ങളിലാണ് ആക്രമണം നടത്തിയതെന്ന് റഷ്യന്‍ പ്രതിരോധകേന്ദ്രങ്ങള്‍ ഇന്നലെ വെളിപ്പെടുത്തിയിരുന്നു.
ആഭ്യന്തരയുദ്ധം നടക്കുന്ന സിറിയയിലെ റഷ്യന്‍ സഖ്യകക്ഷികളുടെ എതിരാളികള്‍ക്കെതിരെയാണ് വ്യോമാക്രമണം നടത്തിയതെന്നാണ് യു.എസ് ആരോപിക്കുന്നത്. ഇറാഖിലെയും സിറിയയിലെയും ഐ.എസ് കേന്ദ്രങ്ങളിലാണ് യു.എസ് ആക്രമണം തുടരുന്നത്.
ഐ.എസിനെതിരായ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ യു.എസിനും റഷ്യയ്ക്കും ഇടയില്‍ ഏകോപനം കുറവാണെന്ന് നാറ്റോ ബുധനാഴ്ച പ്രതികരിച്ചിരുന്നു.