കൊളംബൊ: ആഭ്യന്തരയുദ്ധത്തില്‍ തകര്‍ന്ന ശ്രീലങ്കയില്‍ ആറു വര്‍ഷമായി ക്യാമ്പുകളില്‍ കഴിയുന്ന ഒരു ലക്ഷം തമിഴ് വംശജര്‍ക്ക് ആറു മാസത്തിനകം വീടു വെക്കാനുള്ള സ്ഥലം നല്‍കുമെന്ന് ശ്രീലങ്ക പ്രസിഡന്റ് മൈത്രിപാല സിരിസേന. കഴിഞ്ഞ ജനവരിയില്‍ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട സിരിസേനയുടെ തിരഞ്ഞെടുപ്പ് വാഗ്ദാനമായിരുന്നു തമിഴ് വംശജര്‍ക്ക് ഭൂമി തിരിച്ചു കൊടുക്കുമെന്നത്.
ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്ക് കൂടുതല്‍ ആശ്വാസമെത്തിക്കാനായെങ്കിലും തമിഴ് വംശജര്‍ക്ക് കൂടുതല്‍ മെച്ചപ്പെട്ട ജീവിതസാഹചര്യങ്ങള്‍ ഒരുക്കാന്‍ അന്താരാഷ്ട്ര സമൂഹം സിരിസേനയ്ക്കു മേല്‍ സമ്മര്‍ദം ചെലുത്തിവരികയായിരുന്നു. തമിഴ് പുലികളുടെ തലസ്ഥാനമായിരുന്നു ജാഫ്‌ന മേഖലയില്‍ സൈന്യത്തിന്റെ കയ്യിലായിരുന്ന സ്ഥലങ്ങള്‍ മുഴുവന്‍ വിട്ടുകൊടുക്കാന്‍ സിരിസേന ആവശ്യപ്പെട്ടിരുന്നു. ഈ സ്ഥലം കൂടി സര്‍ക്കാരിന്റെ കയ്യിലെത്തിയാല്‍ തമിഴ് വംശജര്‍ക്ക് ക്യാമ്പുകളില്‍നിന്ന് ഇവിടേക്കു മടങ്ങാനാവുമെന്നാണു പ്രതീക്ഷ.