ബിൽഗേറ്റ്സ്-മെലിൻഡ |ഫോട്ടോ:AFP
വാഷിങ്ടണ്‍: മൈക്രോസോഫ്റ്റ് സ്ഥാപകനും ലോകത്തിലെ ഏറ്റവും വലിയ ധനികരിലൊരാളുമായ ബില്‍ ഗേറ്റ്സ് ഭാര്യ മെലിന്‍ഡയുമായി വേര്‍പിരിയുന്നതായി പ്രഖ്യാപിച്ചത് കഴിഞ്ഞ ദിവസമാണ്. സ്വത്ത് വിഭജനവും ജീവനാംശവും കോടതിയാണ് തീര്പ്പാക്കേണ്ടതെങ്കിലും ശതകോടീശ്വരനായ ബില്‍ഗേറ്റ്സുമായി പിരിയുമ്പോള്‍ മെലിന്‍ഡയ്ക്ക് അതില്‍ എത്ര വിഹിതം ലഭിക്കുമെന്ന കണക്കൂകൂട്ടലിലാണ് ബിസിനസ് ലോകം.
ബില്‍ ഗേറ്റ്സ് സ്ഥാപിച്ച ഹോള്‍ഡിങ് കമ്പനിയായ കാസ്കേഡ് ഇന്‍വെസ്റ്റ്മെന്റ് മെക്സിക്കോയിലെ രണ്ടു വലിയ കമ്പനികളിലെ നിക്ഷേപം മെലിന്‍ഡയുടെ പേരിലേക്ക് മാറ്റി കഴിഞ്ഞു. കഴിഞ്ഞ കുറച്ചുദിവസങ്ങളിലായി അവര്‍ക്ക് ലഭിച്ച തുക 200 കോടി ഡോളറാണെന്നാണ് റിപ്പോര്‍ട്ട്.
കൊക്കൊ കോള ഫെംസയിലും ഗ്രുപ്പോ ടെലിവിസയിലുമുള്ള നിക്ഷേപം കാസ്കേഡ് മെലിന്‍ഡയുടെ നിയന്ത്രണത്തിലേക്ക് മാറ്റി. മെയ് മൂന്നിനാണ് ഇതുസംബന്ധിച്ച് ഒപ്പുവെച്ചത്. അന്നേ ദിവസം തന്നെയാണ് തന്റെ 27 വര്‍ഷത്തെ ദാമ്പത്യം അവസാനിപ്പിക്കുന്നതായി ബില്‍ ഗേറ്റ്സ് പ്രഖ്യാപിച്ചത്.
കൂടാതെ കനേഡിയന്‍ നാഷണല്‍ റെയില്‍വേ കമ്പനിയിലേയും ഓട്ടോനേഷന്‍ ഇന്കോര്പ്പറേറ്റിലേയും 1.8 ബില്യണ്‍ ഡോളറിന്റെ ഓഹരികള്‍ മെലിന്‍ഡയുടെ പേരിലേക്ക് മാറ്റിയതായി ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് ചെയ്തു. ഇവരുടെ വിവാഹമോചനത്തിന് ശേഷമുള്ള സ്വത്ത് കൈമാറ്റം സംബന്ധിച്ച് കൂടുതല്‍ വിശദാംശങ്ങള്‍ പുറത്തുവന്നിട്ടില്ല.
വേര്‍പിരിയലോടെ ലോകത്തെ ഏറ്റവും വലിയ ജീവകാരുണ്യ പ്രവര്‍ത്തന സംഘടനയായ ബില്‍ ആന്‍ഡ് മെലിന്‍ഡ ഗേറ്റ്സ് ഫൗണ്ടഷന്റെ ഘടനയ്ക്കും മാറ്റം വരും. ആരോഗ്യം, സംരക്ഷണം, വിദ്യാഭ്യാസം, ലിംഗസമത്വം, കാലാവസ്ഥ വ്യതിയാനം തുടങ്ങിയ മേഖലകളില്‍ ഇവരുടെ ഫൗണ്ടേഷന്റെ ഇടപെടല്‍ ഉണ്ട്. 50 ബില്യണ്‍ ഡോളറിലധികമാണ് ജീവകാരുണ്യപ്രവര്‍ത്തനത്തില്‍ ബില്‍-മെലിന്‍ഡ ഫൗണ്ടേഷന് നല്‍കിയിട്ടുള്ളത്.
ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് പ്രകാരം മൈക്രോസോഫ്റ്റ് സ്ഥാപകനായ 65 വയസുകാരന് ബില്‍ ഗേറ്റ്സിന്റെ മൂല്യം 144.2 ബില്യണ്‍ ഡോളറാണ്. 56-കാരിയായ മെലിന്‍ഡ മുന്‍പ് മൈക്രോസോഫ്റ്റിന്റെ മാനേജറായിരുന്നു. ഇവര്‍ താമസിക്കുന്ന വാഷിങ്ടണിലെ നിയമമനുസരിച്ച് വിവാഹശേഷം ദമ്പതിമാര്‍ ആര്‍ജിക്കുന്ന സ്വത്തിന് തുല്യവകാശമുണ്ടായിരിക്കും.
മൈക്രോസോഫ്റ്റ് ഓഹരി വില്പനയിലൂടെയും ലാഭവിഹിതത്തിലൂടെയുമുള്ള വരുമാനം ഉപയോഗിച്ച് ബില്‍ ഗേറ്റ്സ് സൃഷ്ടിച്ച നിക്ഷേപ കമ്പനിയായ കാസ്കേഡാണ് നിലവില്‍ അദ്ദേഹത്തിന്റെ ഏറ്റവും വലിയ ആസ്തി. അനേകം കമ്പനികളില്‍ കാസ്കേഡ് വഴി ബില്‍ ഗേറ്റ്സ് നിക്ഷേപം നടത്തിയിട്ടുണ്ട്.