വാഷിങ്ടണ്‍: ഐഎസിന്റെ പുതിയ തലവന്‍ ആരാണെന്ന് തങ്ങള്‍ക്കറിയാമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. അമേരിക്കയുടെ നേതൃത്വത്തിലുള്ള കമാന്‍ഡോ ആക്രമണത്തിനിടെ ഐഎസ് തലവന്‍ അബൂബക്കര്‍ അല്‍ ബാഗ്ദാദി കൊല്ലപ്പെട്ട സംഭവത്തിനു പിന്നാലെയാണ് ഐഎസ് പുതിയ തലവനെ തിരഞ്ഞെടുത്തതായി പ്രഖ്യാപിച്ചത്.
പുതിയ തലവനെ തങ്ങള്‍ക്കറിയാമെന്ന് ട്രംപ് ട്വീറ്റ് ചെയ്തു. 'ഐഎസിന് പുതിയ തലവന്‍ ഉണ്ടായിരിക്കുന്നു. അത് ആരാണെന്ന കാര്യം കൃത്യമായി ഞങ്ങള്‍ക്കറിയാം' എന്നായിരുന്നു ട്രംപിന്റെ ട്വീറ്റ്. എന്നാല്‍ പുതിയ തലവനെക്കുറിച്ച് കൂടുതല്‍ വിശദാംശങ്ങള്‍ അമേരിക്ക പുറത്തുവിട്ടിട്ടില്ല.
അബൂബക്കര്‍ അല്‍ ബാഗ്ദാദി കൊല്ലപ്പെട്ടതിനുപിന്നാലെ പുതിയ തലവനായി അബു ഇബ്രാഹിം അല്‍ ഹാഷിമി അല്‍ ഖുറൈശിയെ തിരഞ്ഞെടുത്തതായി കഴിഞ്ഞ ദിവസം ഐഎസ് വ്യക്തമാക്കിയിരുന്നു. ബാഗ്ദാദി കൊല്ലപ്പെട്ട വിവരവും ശബ്ദസന്ദേശത്തിലൂടെ ഐ.എസ്. സ്ഥിരീകരിച്ചിരുന്നു.
പുതിയ തലവന്‍ അബു ഇബ്രാഹിം അല്‍ ഹാഷിമിയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിരുന്നില്ല. ഈ സാഹചര്യത്തിലാണ് ഇയാളെക്കുറിച്ചുള്ള വിവരങ്ങള്‍ തങ്ങള്‍ക്കറിയാമെന്ന് അമേരിക്ക വ്യക്തമാക്കിയിരിക്കുന്നത്.
Content Highlights: 'We Know Exactly Who He Is': Donald Trump Says US is Aware of New Islamic State Chief