വാഷിംഗ്ടണ്‍: അമേരിക്കയെ വെല്ലുവിളിച്ച് കൊണ്ട് ഉത്തരകൊറിയ മിസൈല്‍ പരീക്ഷണം തുടരുമ്പോള്‍ മുന്നറിയിപ്പുമായി അമേരിക്കന്‍ പോര്‍വിമാനങ്ങള്‍ കൊറിയന്‍ തീരത്ത് പറന്നു.
യുദ്ധവിമാനങ്ങള്‍ സാധാരണഗതിയില്‍ എത്താറില്ലാത്ത കിഴക്കന്‍ തീരദേശമേഖലയിലാണ് പോര്‍വിമാനങ്ങള്‍ പറന്നത്.
മിസൈല്‍, ഹൈഡ്രജന്‍ ബോംബ് പരീക്ഷണങ്ങള്‍ നടത്തി ഉത്തര കൊറിയ അമേരിക്കയ്‌ക്കെതിരെ പ്രകോപനം സൃഷ്ടിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ഇതുവരെ യുദ്ധവിമാനം പറത്താതിരുന്നു കിഴക്കന്‍ തീരദേശ മേഖലയില്‍ അമേരിക്ക യുദ്ധവിമാനത്തെ അയച്ചത്.
കഴിഞ്ഞ ചില ദിവസങ്ങളായി ഇരു രാജ്യങ്ങളിലെയും മേധാവികള്‍ തമ്മില്‍ വാക്‌പോര് നടന്നിരുന്നു. ആണവ പരീക്ഷണം ഉള്‍പ്പെടെ പ്രകോപനപരമായ സമീപനത്തില്‍ മാറ്റം വരുത്താന്‍ ഉത്തരകൊറിയ തയാറായില്ലെങ്കില്‍ അവരെ പൂര്‍ണമായും തകര്‍ക്കുമെന്നായിരുന്നു ട്രംപിന്റെ പ്രതികരണം.
എന്നാല്‍ വളരെ രൂക്ഷമായ രീതിയിലായിരുന്നു ഉത്തര കൊറിയ ഇതിനോട് പ്രതികരിച്ചത്. ട്രംപിന്റെ ഭീഷണി പട്ടിക്കുരക്കുന്നതിന് തുല്യമായാണ് കാണുന്നതെന്നായിരുന്നു ഉത്തരകൊറിയന്‍ വിദേശകാര്യ മന്ത്രി റിയോങ് ഹോ യുഎന്‍ സമ്മേളനത്തില്‍ അറിയിച്ചത്.
എന്നാല്‍, മാനസിക വിഭ്രാന്തിയുള്ള ട്രംപിന്റെ ഭീഷണിക്ക് കനത്ത വിലനല്‍കേണ്ടി വരുമെന്നായിരുന്നു കിം ജോങ് ഉന്‍ പറഞ്ഞത്. അതിരുവിട്ട ട്രംപിന്റെ സംസാരത്തിന് പ്രതീക്ഷിക്കുന്നതിനെക്കാള്‍ വലിയ പ്രത്യാഘാതമുണ്ടാകുമെന്നും കിം മുന്നറിയിപ്പ് നല്‍കി
ഇതിനിടെ, ഉത്തര കൊറിയയിലെ കില്‍ജു കൗണ്ടിയില്‍ റിക്ടര്‍ സ്‌കെയിലില്‍ 3.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത് വീണ്ടും മിസൈല്‍ പരീക്ഷണം നടത്തിയെന്ന അഭ്യൂഹങ്ങളുമുണ്ട്.
എന്നാല്‍, ഇത് സ്വാഭാവിക ഭൂചലനമാണെന്നും മിസൈല്‍ പരീക്ഷണങ്ങള്‍ നടന്നിട്ടില്ലെന്നും ഉത്തര കൊറിയ അറിയിച്ചു.
അടുത്തിടെ ഉത്തര കൊറിയ ഹൈഡ്രജന്‍ ബോംബ് പരീക്ഷിച്ചപ്പോള്‍ റിക്ടര്‍ സ്‌കെയിലില്‍ 6.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിനാലാണ് പുതിയ ഭൂചലനത്തെ ലോക രാഷ്ട്രങ്ങള്‍ സംശയത്തോടെ കാണുന്നത്.