ജലാലാബാദ്: അഫ്ഗാനിസ്ഥാനില്‍ അമേരിക്കയുടെ ഏറ്റവും വലിയ ആണവേതര ബോംബാക്രമണത്തില്‍ കൊല്ലപ്പെട്ട ഐഎസ് ഭീകരരുടെ എണ്ണം 90 ആയി. അഫ്ഗാന്‍ അധികൃതര്‍ അറിയിച്ചതാണ് ഇക്കാര്യം.
കഴിഞ്ഞദിവസമാണ് ബോംബുകളുടെ മാതാവ് എന്നറിയപ്പെടുന്ന ജിബിയു-43ബി ഉപയോഗിച്ച് അഫ്ഗാനിലെ നങ്കര്‍ഹാര്‍ മേഖലയിലെ ഐഎസ് ക്യാമ്പില്‍ യുഎസ് ആക്രമണം നടത്തിയത്. ഇതിനെതിരെ അമേരിക്ക പലഭാഗങ്ങളില്‍ നിന്നും വിമര്‍ശനം നേരിടുകയും ചെയ്തു. ആയുധങ്ങള്‍ പരീക്ഷിക്കാനുള്ള നിലമാണോ അഫ്ഗാനിസ്ഥാന്‍ എന്നുവരെ ചോദ്യമുയര്‍ന്നു. 92 ഭീകരര്‍ കൊല്ലപ്പെട്ടെന്നാണ് ആച്ചിന്‍ ജില്ലാ ഗവര്‍ണര്‍ ഇസ്മയില്‍ ഷിന്‍വാരി വാര്‍ത്താ ഏജന്‍സിയായ എഎഫ്പിയോട് പറഞ്ഞത്. സൈനികര്‍ക്കോ സാധാരണക്കാര്‍ക്കോ അപകടം പറ്റിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
90 പേര്‍ കൊല്ലപ്പെട്ടുവെന്ന് നങ്കര്‍ഹാര്‍ പ്രവിശ്യാ വക്താവ് അത്തായുള്ളാ ഖാനും പ്രതികരിച്ചു. 36 പേര്‍ കൊല്ലപ്പെട്ടുവെന്നായിരുന്നു നേരത്തെ അഫ്ഗാനിസ്ഥാന്‍ ഉദ്യോഗസ്ഥര്‍ പറഞ്ഞിരുന്നത്. ഐഎസ് വിരുദ്ധ നീക്കം നടത്തുന്നതിനിടെ കഴിഞ്ഞയാഴ്ച നങ്കര്‍ഹാറില്‍ ഒരു അമേരിക്കന്‍ സൈനികന്‍ കൊല്ലപ്പെട്ടിരുന്നു. പ്രദേശത്ത് അഫ്ഗാന്‍ നാഷണല്‍ സെക്യൂരിറ്റി ഫോഴ്‌സും അമേരിക്കന്‍ സേനയും നടത്തുന്ന ശ്രമങ്ങള്‍ക്ക് പിന്തുണയെന്ന രീതിയിലാണ് ബോംബിട്ടതെന്ന് അഫ്ഗാന്‍ പ്രസിഡന്റ് അഷ്‌റഫ് ഗാനി പറഞ്ഞു.