ട്രിപ്പോളി: ഐ.എസ് ബന്ധമുള്ള തീവ്രവാദികളെ ലക്ഷ്യമാക്കി ലിബിയയില്‍ അമേരിക്ക നടത്തിയ വ്യോമാക്രമണത്തില്‍ 40 പേര്‍ മരിച്ചു. ആറുപേര്‍ക്ക് പരിക്കേറ്റു. പ്രാദേശിക സമയം പുലര്‍ച്ചെ 3.30 നാണ് ലിബിയയുടെ പടിഞ്ഞാറന്‍ മേഖലയില്‍ വ്യോമാക്രമണം തുടങ്ങിയതെന്ന് ലിബിയയിലെ സാബ്രതാ നഗരത്തിലെ മേയര്‍ ഹുസൈന്‍ അല്‍ ത്വാദി മാധ്യമങ്ങളോട് പറഞ്ഞു.
ടുണീഷ്യ അതിര്‍ത്തിയില്‍ കഴിഞ്ഞവര്‍ഷം നടന്ന രണ്ട് ഭീകരാക്രമണങ്ങള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചുവെന്ന് കരുതുന്ന ഭീകരരെ ലക്ഷ്യംവച്ചാണ് അമേരിക്ക വ്യോമാക്രമണം നടത്തിയത്. ടുണീഷ്യയിലെ മ്യൂസിയത്തിലും ബീച്ച് റിസോര്‍ട്ടിലും ഭീകരാക്രമണം നടത്തിയ തീവ്രവാദി നേതാവിനെ ലക്ഷ്യംവച്ചാണ് വ്യോമാക്രമണം നടത്തിയതെന്ന് അമേരിക്കന്‍ സൈന്യം വ്യക്തമാക്കി.
ടുണീഷ്യ അതിര്‍ത്തിയിലുള്ള സാബ്രതാ നഗരത്തില്‍ ഐ.എസ് പരിശീലന ക്യാമ്പുകള്‍ പ്രവര്‍ത്തിച്ചിരുന്നുവെന്ന് രഹസ്യ വിവരം ലഭിച്ചിരുന്നു. ലിബിയയില്‍ പരിശീലനം നേടിയ ഭീകരരാണ് ആക്രമണം നടത്തിയതെന്ന് നേരത്തെതന്നെ വ്യക്തമായിരുന്നു. വ്യോമാക്രമണം നടന്ന സ്ഥലത്തുനിന്ന് തീവ്രവാദികളുടെ ആയുധങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. മുഅമ്മര്‍ ഗദ്ദാഫി സ്ഥാനഭ്രഷ്ടനാക്കപ്പെട്ടശേഷം അശാന്തി നിലനില്‍ക്കുന്ന ലിബിയയില്‍ സാന്നിധ്യം ശക്തമാക്കാന്‍ ശ്രമിക്കുന്നയാണ് ഐ.എസ് ഭീകരര്‍.
Share this Article