കടം പെരുകുന്നു; ഐക്യരാഷ്ട്ര സഭ പാപ്പരാകുമെന്ന് സെക്രട്ടറി ജനറല്‍


ന്യൂയോര്‍ക്ക്: ഐക്യരാഷ്ട്ര സഭ 23 കോടി ഡോളറിന്റെ കടത്തിലാണെന്ന് വെളിപ്പെടുത്തല്‍. സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് ആണ് ഇക്കാര്യം വ്യക്തമാക്കിയത്. ഒക്ടോബറോടെ യുഎന്നിന്റെ കൈവശമുള്ള പണം തീരുമെന്നും ഗുട്ടെറസ് വ്യക്തമാക്കി. യുഎന്‍ സെക്രട്ടേറിയേറ്റിലെ 37000 വരുന്ന ജീവനക്കാര്‍ക്ക് അയച്ച കത്തിലാണ് സംഘടന പണമില്ലാതെ കടത്തിലാണെന്ന് ഗുട്ടെറസ് അറിയിച്ചിരിക്കുന്നത്.

ജീവനക്കാര്‍ക്കും മറ്റുള്ളവര്‍ക്കും അര്‍ഹതപ്പെട്ട ശമ്പളമടക്കം ലഭിക്കുന്നുവെന്ന് ഉറപ്പാക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും ഗുട്ടെറസ് കത്തില്‍ പറയുന്നു.

2019 ലെ ബജറ്റിന്റെ 70 ശതമാനം മാത്രമാണ് അംഗരാജ്യങ്ങള്‍ നല്‍കിയിട്ടുള്ളത്. ഇതേതുടര്‍ന്ന് 23 കോടി ഡോളറിന്റെ കുറവാണ് ഈ സെപ്റ്റംബറോടെ യുഎന്നിന് നേരിടേണ്ടി വന്നത്. പ്രതിസന്ധി മറികടക്കാന്‍ കരുതല്‍ ധനശേഖരം ഉപയോഗിക്കേണ്ടിവരുമെന്നും ഗുട്ടെറസ് പറയുന്നു.

ഇതിന് പുറമെ ചെലവുകള്‍ വെട്ടിക്കുറയ്ക്കുന്നതിന്റെ ഭാഗമായി സമ്മേളനങ്ങള്‍, യോഗങ്ങള്‍, സേവനങ്ങള്‍ എന്നിവ നീട്ടിവെക്കുകയോ നിര്‍ത്തിവെക്കുകയോ ചെയ്യാനും യുഎന്നിന് പദ്ധതിയുണ്ട്. മാത്രമല്ല അത്യാവശ്യ സന്ദര്‍ഭങ്ങളിലല്ലാതെ യാത്രകള്‍ പരമാവധി കുറയ്ക്കാന്‍ യുഎന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

അംഗരാജ്യങ്ങള്‍ യുഎന്നിന് നല്‍കേണ്ട വിഹിതം വര്‍ധിപ്പിക്കണമെന്ന് ഗുട്ടെറസ് ഈ വര്‍ഷം ആദ്യം ആവശ്യപ്പെട്ടിരുന്നുവെങ്കിലും അംഗരാജ്യങ്ങള്‍ ഇതിനോട് പ്രതികരിച്ചിരുന്നില്ല.

Content Highlights: United Nations is running a deficit of $230 million says Secretary General Antonio Guterres

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram