ന്യൂയോര്‍ക്ക്: ഇസ്ലാമിക് സ്റ്റേറ്റ്, അല്‍ ഖ്വെയ്ദ അടക്കമുള്ള തീവ്രവാദ ഗ്രൂപ്പുകളുടെ പ്രധാന വരുമാന സ്രോതസ്സുകള്‍ തടയാന്‍ യു.എന്‍. രക്ഷാസമിതി. 15 അംഗരാജ്യങ്ങളില്‍നിന്നുള്ള ധനമന്ത്രിമാരുടെ യോഗത്തില്‍ ഏകകണ്ഠമായി പ്രമേയം പാസാക്കി.
1999 ല്‍ അല്‍ ഖ്വെയ്ദയ്‌ക്കെതിരെ അവതരിപ്പിച്ച പ്രമേയത്തെ അടിസ്ഥാനമാക്കിയാണ് ഇതും തയ്യാറാക്കിയത്. സംഘടനയുടെ ചരിത്രത്തില്‍ ആദ്യമാണ് ഇത്തരത്തിലുള്ള സമ്മേളനം.
ഐ.എസ്സിന് പണം ലഭിക്കാന്‍ സാധ്യതയുള്ള എല്ലാ വഴികളും അടയ്ക്കും. അല്‍ ഖ്വെയ്ദയുടെ ഉപഘടകമായാണ് ഐ.എസ്സിനെ യു.എന്‍. കാണുന്നത്. ഇരു സംഘടനകളെയും പിന്തുണയ്ക്കുന്ന വ്യക്തികള്‍, സംഘടനകള്‍, സ്ഥാപനങ്ങള്‍, ട്രസ്റ്റുകള്‍ എന്നിവയ്‌ക്കെതിരെ സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്താന്‍ അംഗരാജ്യങ്ങള്‍ക്ക് യു.എന്‍. നിര്‍ദേശം നല്‍കി.
ധര്‍മപ്രവൃത്തികള്‍ക്കായി നല്‍കുന്ന പണം വഴിമാറ്റുന്നുണ്ടോ എന്നും നിരീക്ഷിക്കണം. തീവ്രവാദ സംഘടനകള്‍ക്ക് സഹായം നല്‍കുന്നുണ്ടെന്നുകണ്ടാല്‍ ഇവരുടെ സകല ആസ്തികളും മരവിപ്പിക്കാം, യാത്രകള്‍ നിരോധിക്കാം. ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്കെതിരെ എന്തു നടപടി എടുത്തു എന്നത് നാലുമാസം കൂടുമ്പോള്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണം.
ഐ.എസ്സുമായുള്ള സഹകരണം അവസാനിപ്പിക്കുന്നതിന് എല്ലാ രാജ്യങ്ങളുടെയും സഹകരണം ആവശ്യമാണ്. ഇതിനായി വിവരങ്ങളും വൈദഗ്ധ്യവും പരസ്പരം കൈമാറണം. എണ്ണ കള്ളക്കടത്ത് ഉള്‍പ്പെടെയുള്ളവ തടയാന്‍ ബന്ധപ്പെട്ട രാജ്യങ്ങള്‍ നടപടിയെടുക്കണം. ആയുധങ്ങള്‍ നിര്‍മിക്കുന്നതിന് ആവശ്യമായ സ്‌ഫോടക വസ്തുക്കളും അസംസ്‌കൃതവസ്തുക്കളും കൈമാറുന്നത് നിരീക്ഷിക്കണമെന്നും പ്രമേയത്തില്‍ പറയുന്നു.
ലോകത്തിലെ ഏറ്റവും സമ്പന്നമായ തീവ്രവാദി സംഘടനയായാണ് ഐ.എസ്സിനെ കണക്കാക്കുന്നത്. പ്രതിമാസം എട്ടുകോടി ഡോളര്‍ (536 കോടി രൂപ) ആണ് വരുമാനം. ഐ.എസ്സിന്റെ നിയന്ത്രണത്തിലുള്ള സ്ഥലങ്ങളിലെ വാണിജ്യ ഇടപാടുകളുടെ നികുതിയില്‍നിന്നാണ് ഇതില്‍ പകുതിയും. 43 ശതമാനം എണ്ണകള്ളക്കടത്തിലൂടെയും. ഇറാഖിലെയും സിറിയയിലെയും ബാങ്കുകള്‍ കൊള്ളയടിച്ച് 150 കോടി ഡോളര്‍ (10,000 കോടി രൂപ) ഐ.എസ്. കൈവശപ്പെടുത്തിയതായി കഴിഞ്ഞമാസം അമേരിക്ക വെളിപ്പെടുത്തിയിരുന്നു.
Share this Article
Related Topics