യുണൈറ്റഡ് നേഷന്‍സ്: ഉത്തരകൊറിയക്കെതിരെ കടുത്ത ഉപരോധവുമായി ഐക്യരാഷ്ട്ര സഭാ രക്ഷാസമിതി. അമേരിക്കന്‍ ഐക്യനാടുകളില്‍ എവിടെയും എത്താന്‍ സാധിക്കുമെന്ന് അവകാശപ്പെട്ട് ഉത്തരകൊറിയ നടത്തിയ ആയുധവാഹികളായ പുതിയ മിസൈലുകളുടെ പരീക്ഷണമാണ് ഉപരോധം കര്‍ശനമാക്കുന്നതിലേക്ക് കാര്യങ്ങള്‍ എത്തിച്ചത്. രക്ഷാസമിതി ഐകകണ്‌ഠ്യേനയാണ് പ്രമേയം പാസാക്കിയത്.
വെള്ളിയാഴ്ചയാണ് പുതിയ ഉപരോധത്തിന് രക്ഷാസമിതി അംഗീകാരം നല്‍കിയത്. ഉത്തര കൊറിയയുടെ എണ്ണ ഇറക്കുമതിയില്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തുക. വിദേശ രാജ്യങ്ങളില്‍ ജോലി ചെയ്യുന്ന ഉത്തരകൊറിയന്‍ പൗരന്മാരെ 24 മാസത്തിനുള്ളില്‍ തിരിച്ചയക്കുക, എണ്ണ, കല്‍ക്കരി തുടങ്ങിയ ഉത്പന്നങ്ങളുമായി ഉത്തരകൊറിയയിലേക്കും തിരിച്ചും പോകുന്ന കപ്പലുകള്‍ക്കു മേല്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തുക തുടങ്ങിയവയാണ് പുതിയ ഉപരോധത്തിലെ വ്യവസ്ഥകള്‍.
എന്നാല്‍ ഉത്തരകൊറിയക്കു മേല്‍ ഏര്‍പ്പെടുത്താന്‍ ട്രംപ് ഭരണകൂടം ആവശ്യപ്പെട്ട എണ്ണ കയറ്റുമതി പൂര്‍ണമായും നിരോധിക്കുക, കിം ജോങ് ഉന്നിന്റെയും ഉത്തരകൊറിയയുടെയും രാജ്യാന്തര സ്വത്തുക്കള്‍ മരവിപ്പിക്കുക തുടങ്ങിയ കര്‍ശന നിര്‍ദേശങ്ങള്‍ രക്ഷാസമിതി പാസാക്കിയ നിരോധന പ്രമേയത്തില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. അമേരിക്കയാണ് ഉപരോധത്തിന്റെ കരട് പ്രമേയം അവതരിപ്പിച്ചത്. പെട്രോളിയം, ഇലക് ട്രോണിക് ഉത്പന്നങ്ങളുടെ കയറ്റുമതി 90 ശതമാനം വരെ വെട്ടിക്കുറയ്ക്കാനുള്ളതാണ് പുതിയ ഉപരോധത്തിലെ പ്രധാന വ്യവസ്ഥ