ഫ്‌ളോറിഡ: മിസൈല്‍ വിക്ഷേപണത്തിന് പകരം തനിക്ക് നല്ലൊരു ക്രിസ്മസ് സമ്മാനം നല്‍കാനുള്ള ആസൂത്രണത്തിലായിരിക്കും ഉത്തരകൊറിയന്‍ നേതാവ് കിം എന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഉത്തരകൊറിയ ദീര്‍ഘദൂര മിസൈല്‍ പരീക്ഷണം നടത്താനൊരുങ്ങുന്നുവെന്ന വാര്‍ത്തകളെ കുറിച്ചുള്ള മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു ട്രംപ്.
മിസൈല്‍ വിക്ഷേപണത്തിന് പകരം നല്ലൊരു ക്രിസ്മസ് സമ്മാനം തരാനാവും കിമ്മിന്റെ പദ്ധതി. നടക്കാന്‍ പോകുന്നത് കാത്തിരുന്ന കാണാമെന്നായിരുന്നു മിസൈല്‍ പരീക്ഷണത്തെക്കുറിച്ചുളള കൂടുതല്‍ ചോദ്യങ്ങള്‍ക്ക് ട്രംപ് മറുപടി നല്‍കിയത്.
അമേരിക്കയ്ക്ക് വലിയൊരു ക്രിസ്മസ് സമ്മാനം വരുന്നുണ്ടെന്ന് അടുത്തിടെ കിം പറഞ്ഞിരുന്നു. യുഎസുമായുള്ള ആണവ ചര്‍ച്ചകള്‍ പ്രതിസന്ധിയിലായ ഘട്ടത്തിലായിരുന്നു കിമ്മിന്റെ മുന്നറിയിപ്പ്.
ഫെബ്രുവരിയില്‍ ഹനോയിയില്‍ ട്രംപും കിമ്മും നടത്തിയ ഉച്ചകോടി പരാജയപ്പെട്ടശേഷം ഇക്കാര്യത്തില്‍ നേരിയ പുരോഗതിപോലും ഉണ്ടായിട്ടില്ല. വാഷിങ്ടണ്‍ തങ്ങളോടുള്ള സമീപനത്തില്‍ വര്‍ഷാവസാനത്തോടെ മാറ്റം വരുത്തിയാലേ ഇനിയൊരു ചര്‍ച്ചയുള്ളൂ എന്നാണ് ഉത്തരകൊറിയയുടെ നിലപാട്. അല്ലാത്തപക്ഷം ട്രംപിനെ കാത്തിരിക്കുന്നത് ക്രിസ്മസ് സമ്മാനമാണെന്നായിരുന്നു കിം പറഞ്ഞത്.
Content Highlights: Kim Jong Un, Donald Trump, North Korea