സാവോപോളോ: മൂന്നു മാസത്തെ കഠിനാധ്വാനം. ലക്ഷ്യത്തിലെത്താന്‍ 600 മീറ്റര്‍ വരെ നീളമുള്ള തുരങ്കമുണ്ടാക്കി. നോട്ടുകള്‍ കൊണ്ടുപോകാന്‍ പ്രത്യേക ട്രാക്ക്. വലിയൊരു ലക്ഷ്യമായിരുന്നു മുന്നില്‍. ക്ലൈമാക്‌സ് പിഴച്ചപ്പോള്‍ 'അധ്വാനികള്‍' അത്രയും പിടിയിലായി.
ഇനി കാര്യത്തിലേക്ക് വരാം. ലോകത്തെ ഏറ്റവും വലിയ ബാങ്ക് കൊള്ളയിലേക്ക് നയിച്ചേക്കാമായിരുന്ന പദ്ധതി പൊളിച്ച പോലീസ് മോഷ്ടാക്കളെ പിടിച്ചപ്പോഴാണ് വന്‍ മോഷണത്തിനായി മൂന്നു മാസം നീണ്ട അധ്വാനത്തിന്റെയും ആസൂത്രണത്തിന്റെയും ചുരുളഴിഞ്ഞത്.
സാവോപോളോയിലെ ഒരു പ്രമുഖ ബാങ്ക് കൊള്ളയടിക്കാനായിരുന്നു ഒരു കൂട്ടം മോഷ്ടാക്കളുടെ പദ്ധതി. ഇതിനായി ഇവര്‍ തീര്‍ത്തത് പ്രൊഫഷണല്‍ നിര്‍മാതാക്കളെ വെല്ലുന്ന തരത്തിലുള്ള 600 മീറ്റര്‍ തുരങ്കമാണ്. തുരങ്കത്തെ താങ്ങി നിര്‍ത്താനുള്ള ഇരുമ്പ് തൂണുകള്‍, പണം വലിച്ച് കൊണ്ട് പോവാനുള്ള പ്രത്യേകം ട്രാക്കുകള്‍ എന്തിന് വൈദ്യുതി പോലും മോഷ്ടക്കാള്‍ തുരങ്കത്തിനുള്ളില്‍ ഒരുക്കിയിരുന്നു.
അത്യാധുനിക യന്ത്രങ്ങള്‍ ഉപയോഗിച്ച് മൂന്ന് മാസത്തോളം പണിതാണ് ആരുമറിയാതെ ഇവര്‍ തുരങ്കം തീര്‍ത്തത്. ഇതില്‍ ഉള്‍പെട്ട 16 പേരെയാണ് ബ്രസീലിയന്‍ പോലീസ് അറസ്റ്റ് ചെയ്തത്.
100 കോടി റെയാല്‍ (ബ്രസീല്‍ കറന്‍സി) ഏകദേശം 317 മില്യണ്‍ ഡോളര്‍ അല്ലെങ്കില്‍ രൂപ കണക്കില്‍ പറഞ്ഞാല്‍ 2000 കോടി രൂപയോളം ബാങ്കില്‍ നിന്ന് നഷ്ടമാവുമായിരുന്നുവെന്നാണ് പോലീസ് കണക്കാക്കുന്നത്.
ലോകത്ത് ഇതുവരെ നടന്ന ഏറ്റവും വലിയ മോഷണങ്ങളില്‍ ഒന്നായി ഇത് മാറുമെന്നും പോലീസ് വ്യക്തമാക്കുന്നു. പ്രത്യേകം ഫാനിന്റെയും ലൈറ്റുകളുടെയും സഹായത്തോടെ സമീപത്തെ ഒരു വീട്ടില്‍ നിന്നാണ് തുരങ്കം നിര്‍മ്മിച്ച് തുടങ്ങിയത്. തുരങ്കത്തിന്റെ ചിത്രങ്ങളും പുറത്ത് വിട്ടിട്ടുണ്ട്.
2005 ല്‍ ആണ് ഇതിന് മുമ്പ് ബ്രസീലില്‍ ഏറ്റവും വലിയ ബാങ്ക് കൊള്ള നടന്നത്. അന്ന് മോഷ്ടാക്കള്‍ ഫോര്‍ട്ടലേസയിലെ സെന്‍ട്രല്‍ ബാങ്കിന്റെ പ്രധാന ശാഖ തകര്‍ത്ത് 165 മില്ല്യണ്‍ ബ്രസീലിയന്‍ റെയാല്‍ കൊള്ളയിടിച്ചിരുന്നു. ഇതിനെ ആസ്പദമാക്കി ഫെഡറല്‍ ബാങ്ക് ഹെയിസ്റ്റ് എന്ന സിനിമപോലും ഇറങ്ങിയിട്ടുണ്ട്. കഴിഞ്ഞ ദിവസത്തെ മോഷണം വിജയിക്കുകയായിരുന്നുവെങ്കില്‍ ഏറ്റവും വലിയ മോഷണം ഇതാകുമായിരുന്നുവെന്നും പോലീസ് പറയുന്നു.