കാലിഫോര്‍ണിയ: അണക്കെട്ട് തകരുമെന്ന ആശങ്കയെ തുടര്‍ന്ന് ഇന്ത്യക്കാര്‍ ഏറെ താമസിക്കുന്ന കാലിഫോര്‍ണിയയിലെ യുബാ സിറ്റിയില്‍ നിന്ന് ആളുകളെ ഒഴിപ്പിക്കുന്നു. അമേരിക്കയിലെ ഉയരം കൂടിയ ഡാമുകളിലൊന്നായ ഒറോവില്ലിയാണ് തകര്‍ച്ചാ ഭീഷണിയിലായിരിക്കുന്നത്.
വടക്കന്‍ കാലിഫോര്‍ണിയയിലുള്ള ഈ അണക്കെട്ട് നിറഞ്ഞ് കവിഞ്ഞ അവസ്ഥയിലാണ്. സ്പില്‍വേ തകര്‍ന്നതിനാല്‍ ഏത് നിമിഷവും അണക്കെട്ട് തകരാമെന്നാണ് അധികൃതര്‍ പറയുന്നത്.
പരിധി കവിഞ്ഞതിനേതുടര്‍ന്ന് വെള്ളം പുറത്തുവിട്ടപ്പോഴാണ് സ്പില്‍വേയില്‍ തകര്‍ച്ച ശ്രദ്ധയില്‍ പെട്ടത്. കുറേ നാളുകള്‍ നീണ്ടുനിന്ന് വരള്‍ച്ചയ്ക്ക് ശേഷം കനത്ത മഴയും മഞ്ഞുവീഴ്ചയുമാണ് കാലിഫോര്‍ണിയയില്‍ ഉണ്ടായത്. ഇതേതുടര്‍ന്നാണ് അണക്കെട്ട് നിറഞ്ഞത്.
അണക്കെട്ട് ഏതുനിമിഷവും തകര്‍ന്നേക്കാമെന്നതിനാല്‍ അടിയന്തിര രക്ഷാപ്രവര്‍ത്തനമാണ് ഡാമിന്റെ സമീപത്തുള്ള യുബാസിറ്റിയില്‍ നടക്കുന്നത്. ഇവിടെ 13 ശതമാനത്തോളം ഇന്ത്യന്‍ വംശജരാണുള്ളത്.
കൂടുതലും പഞ്ചാബില്‍ നിന്ന് കുടിയേറിയവരും സിഖ് മതസ്ഥരുമാണെന്നാണ് വിവരം. 1962നും 1968നും ഇടയില്‍ നിര്‍മ്മിച്ച ഒറോവില്ലി ഡാമിന് 230 മീറ്റര്‍ ഉയരമാണുള്ളത്.
WATCH: Drone footage of the emergency spillway in Oroville. #OrovilleDam#OrovilleSpillwaypic.twitter.com/CEDN1t0dj8
— KRCR News Channel 7 (@KRCR7) 11 February 2017