ശ്രീലങ്കയില്‍ ഏറ്റുമുട്ടല്‍: ആറു കുട്ടികള്‍ ഉള്‍പ്പെടെ 15 പേര്‍ കൊല്ലപ്പെട്ടു


1 min read
Read later
Print
Share

പോലീസും സൈന്യവും സംയുക്തമായാണ് തിരച്ചില്‍ നടത്തിയത്. പോലീസിന്റെയും സൈന്യത്തിന്റെയും സംയുക്ത സംഘത്തിനു നേരെ ഒരുകൂട്ടം ആളുകള്‍ നിറയൊഴിക്കുകയായിരുന്നു.

കൊളംബോ: ഈസ്റ്റര്‍ ദിനത്തിലെ സ്ഫോടന പരമ്പരയില്‍ പങ്കുണ്ടെന്ന് സംശയിക്കുന്നവരെ തിരഞ്ഞ് ശ്രീലങ്കന്‍ പോലീസ് നടത്തിയ റെയ്ഡിനിടെ ഏറ്റുമുട്ടല്‍. ആറ് കുട്ടികള്‍ ഉള്‍പ്പെടെ 15 പേര്‍ കൊല്ലപ്പെട്ടു. അമ്പാര ജില്ലയിലെ സെയ്ന്തമരുത് എന്ന സ്ഥലത്തുവെച്ചാണ് ഏറ്റുമുട്ടല്‍ നടന്നത്. സ്‌ഫോടകവസ്തു ശേഖരമുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ തിരച്ചിലിനിടെയാണ് വെടിവെപ്പുണ്ടായത്.

പോലീസും സൈന്യവും സംയുക്തമായാണ് തിരച്ചില്‍ നടത്തിയത്. പോലീസിന്റെയും സൈന്യത്തിന്റെയും സംയുക്ത സംഘത്തിനു നേരെ ഒരുകൂട്ടം ആളുകള്‍ നിറയൊഴിക്കുകയായിരുന്നു. ഇതിന് പിന്നാലെ സ്‌ഫോടനങ്ങളുമുണ്ടായി. ചാവേറുകള്‍ പൊട്ടിത്തെറിച്ചതാണെന്നാണ് കരുതുന്നത്. ഏറ്റമുട്ടലിനൊടുവില്‍ മുന്നുപേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

രണ്ട് വാഹനങ്ങളും കണ്ടെടുത്തിട്ടുണ്ട്. ഇതിലൊന്ന് ശ്രീലങ്കയിലെ തീവ്രവാദ സംഘടനയായ നാഷണല്‍ തൗഹീദ് ജമാഅത്തിന്റെ സഹ്രാന്‍ ഹാഷിമിന്റേതാണെന്നാണ് കരുതുന്നത്. മൂന്നുപേര്‍ക്ക് പരിക്കേറ്റതായും ഒരു പ്രദേശവാസി കൊല്ലപ്പെട്ടതായും വിവരങ്ങളുണ്ട്.

സ്‌ഫോടകവസ്തുക്കള്‍, ചാവേര്‍ ആക്രമണത്തിനുപയോഗിക്കുന്ന കിറ്റുകള്‍, ഡിറ്റണേറ്ററുകള്‍, ഐഎസിന്റെ പതാക, യൂണിഫോം എന്നിവ ഏറ്റുമുട്ടല്‍ നടന്ന സ്ഥലത്തെ വീടുകളിലൊന്നില്‍ നിന്ന് കണ്ടെത്തിയിട്ടുണ്ട്.

അതേസമയം 253 പേര്‍ കൊല്ലപ്പെട്ട സ്ഫോടന പരമ്പരയുമായി ബന്ധപ്പെട്ട് 76 പേരാണ് ഇതുവരെ അറസ്റ്റിലായത്. ഇവരില്‍ ഈജിപ്ത്, സിറിയ എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവരുമുണ്ട്. ആക്രമണത്തിന്റെ ഉത്തരവാദിത്വം ഐഎസ് ഏറ്റെടുത്തിരുന്നു. എന്നാല്‍ ഇതിന് ഉപോത്ബലകമായ വിവരങ്ങള്‍ അവര്‍ പുറത്തുവിട്ടിട്ടില്ല. ഐഎസിന്റെ വാദം ശരിയാണെങ്കില്‍ ഇറാഖിനും, സിറിയയ്ക്കും പുറത്ത് അവര്‍ നടത്തുന്ന ഏറ്റവും വലിയ കൂട്ടക്കൊലയാണ് ശ്രീലങ്കയില്‍ നടന്നത്.

Content Highlights: Sri Lanka Troops Raid Militant Hideout, Six Children Among 15 Killed in Gunfight

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram