കൊളംബോ: രാഷ്ട്രീയ അനിശ്ചിതത്വം നിലനില്‍ക്കുന്നതിനിടെ ചൈനീസ് കമ്പനിയുമായി ചേര്‍ന്ന് തുറമുഖങ്ങള്‍ നവീകരിക്കാനൊരുങ്ങി ശ്രീലങ്ക. രണ്ട് തുറമുഖങ്ങള്‍ നവീകരിക്കാന്‍ ചൈനീസ് കമ്പനികള്‍ക്ക് നല്‍കിക്കൊണ്ടുള്ള കരാര്‍ കരാര്‍ ശ്രീലങ്ക ഒപ്പിട്ടു. അതേസമയം കരാറിന്റെ നിയമപ്രാബല്യത്തെക്കുറിച്ച് സംശയം തുടരുകയാണ്.
പ്രധാനമന്ത്രിയായിരുന്ന റനില്‍ വിക്രസിംഗെയെ പുറത്താക്കി പകരം മഹീന്ദ രാജപക്‌സെയെ പ്രധാനമന്ത്രിയാക്കിയ പ്രസിഡന്റ് മൈത്രിപാല സിരിസേനയുടെ നടപടി ശ്രീലങ്കന്‍ പാര്‍ലമെന്റിന്റെ അംഗീകാരം നേടാനായിട്ടില്ല. അതിനാല്‍ തന്നെ ഇക്കാര്യത്തില്‍ തീരുമാനമെടുക്കാന്‍ അധികാരം ആര്‍ക്കുമില്ലെന്നാണ് വിമര്‍ശകര്‍ പറയുന്നത്.
ശ്രീലങ്കന്‍ തുറമുഖ അതോറിറ്റി പുറത്തുവിട്ട വിവരങ്ങള്‍ പ്രകാരം അഞ്ചുകോടി ഡോളറിന്റെ കരാറാണ് ശ്രീലങ്ക ഒപ്പിട്ടത്. രാജപക്‌സെ സര്‍ക്കാരാണ് കരാറിന് അനുമതി നല്‍കിയത്.
കൊളംബോയിലെ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ജയാ കണ്ടെയ്‌നര്‍ ടെര്‍മിനല്‍ വികസനത്തിന് 3.2 കോടിയുടെ കരാര്‍ ചൈന ഹാര്‍ബര്‍ എന്‍ജിനീയറിങ് കമ്പനിക്കും ഷാങ്ഹായ് ഷെന്‍ഹുവ ഹെവി ഇന്‍ഡസ്ട്രീസ് ലിമിറ്റഡില്‍ നിന്ന് കണ്ടെയ്‌നര്‍ നീക്കാനുള്ള മൂന്ന് ക്രെയിനുകള്‍ വാങ്ങാനുള്ള 2.57 കോടിയുടെ കരാറുമാണ് ശ്രീലങ്ക ഒപ്പുവെച്ചത്.
എന്നാല്‍ കരാര്‍ പുനഃപരിശോധിക്കുമെന്നും രാജപക്‌സെ സര്‍ക്കാരിന് കരാര്‍ നടപ്പാക്കാനുള്ള അധികാരമില്ലെന്നുമാണ് പുറത്താക്കപ്പെട്ട റനില്‍ വിക്രമ സിംഗെയുടെ വക്താവ് പറയുന്നത്. അതേസമയം കരാറിന് ഒരുമാസം മുമ്പെ സര്‍ക്കാര്‍ അനുമതി ലഭിച്ചതാണെന്ന് ശ്രീലങ്ക തുറമുഖ അതോറിറ്റി പറയുന്നു.
കൊളംബോ തുറമുഖം വഴിയുള്ള ചരക്ക് കടത്തുനീക്കത്തിന്റെ 80 ശതമാനവും ഇന്ത്യയുമായുള്ളതാണ്. ഇവിടെ ചൈനീസ് സാന്നിധ്യം വര്‍ധിക്കുന്നതിനെ ഇന്ത്യ ആശങ്കയോടെയാണ് നോക്കിക്കാണുന്നത്.
Content highlights: Sri Lanka, china, Colombo Port, India