സാവോപോളോ: ബ്രസീലിലെ ജയിലില്‍ ഇരുവിഭാഗങ്ങള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ 57 തടവുകാര്‍ കൊല്ലപ്പെട്ടു. ബ്രസീലിലെ അല്‍താമിറ ജയിലിലാണ് കുപ്രസിദ്ധ മാഫിയ സംഘങ്ങള്‍ തമ്മില്‍ സംഘര്‍ഷമുണ്ടായത്. കൊല്ലപ്പെട്ടവരില്‍ 16 പേരെ തലയറുത്ത നിലയിലാണ് കണ്ടെത്തിയതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
തിങ്കളാഴ്ച പ്രാദേശിക സമയം രാവിലെ ഏഴ് മണിയോടെയാണ് ജയിലില്‍ കലാപം പൊട്ടിപ്പുറപ്പെട്ടത്. രാജ്യത്തെ കുപ്രസിദ്ധ മാഫിയ സംഘങ്ങളായ കമാന്‍ഡോ ക്ലാസിലെയും റെഡ് കമാന്‍ഡിലെയും അംഗങ്ങളാണ് ജയിലില്‍ ഏറ്റുമുട്ടിയത്. കമാന്‍ഡോ ക്ലാസ് സംഘത്തിലെ തടവുകാര്‍ എതിര്‍വിഭാഗത്തിലെ തടവുകാരെ പാര്‍പ്പിച്ചിരുന്ന സെല്ലുകള്‍ക്ക് തീയിട്ടു. സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ടവരില്‍ മിക്കവരും പൊള്ളലേറ്റാണ് മരിച്ചത്.
മാഫിയ സംഘങ്ങളുടെ കുടിപ്പകയാണ് സംഘര്‍ഷത്തിലേക്ക് നയിച്ചതെന്ന് അധികൃതര്‍ പറഞ്ഞു. ജയിലിലെ രണ്ട് ജീവനക്കാരെ തടവുകാര്‍ ആദ്യം ബന്ദിയാക്കിയിരുന്നെങ്കിലും പിന്നീട് മോചിപ്പിച്ചു. ആക്രമണം മുന്‍കൂട്ടി ആസൂത്രണം ചെയ്തതാണെന്നും ഇതുസംബന്ധിച്ച് ഇന്റലിജന്‍സ് വിവരങ്ങള്‍ ലഭിച്ചിട്ടില്ലായിരുന്നുവെന്നും അധികൃതര്‍ വ്യക്തമാക്കി.
മയക്കുമരുന്ന് കടത്ത്, ആയുധകടത്ത്, ബാങ്ക് കൊള്ളയടിക്കല്‍ തുടങ്ങിയ കുറ്റകൃത്യങ്ങളില്‍ സജീവമായ മാഫിയകളാണ് ജയിലില്‍ ഏറ്റുമുട്ടിയ ഇരുസംഘങ്ങളും. സാവോ പോളോ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന റെഡ് കമാന്‍ഡാണ് അംഗബലത്തില്‍ ശക്തര്‍. എതിര്‍വിഭാഗമായ കമാന്‍ഡോ ക്ലാസ് താരതമ്യേന ചെറിയ സംഘമാണ്.
ബ്രസീലിലെ ജയിലുകളില്‍ ഉള്‍ക്കൊള്ളാനാവുന്നതിലും ഇരട്ടിയിലേറെ തടവുകാരുണ്ടെന്ന് നേരത്തെയും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. കഴിഞ്ഞ മേയില്‍ 55 പേരും 2017-ല്‍ 150 തടവുകാരും ജയിലുകളിലുണ്ടായ സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ടിരുന്നു.
Content Highlights: riot between two gangs in brazil prison, 57 killed