തായ്‌പേയി: വളരെക്കുറച്ച് സമയത്തേക്കു മാത്രം നീണ്ടുനില്‍ക്കുന്ന ഏറ്റവും മനോഹരമായ കാഴ്ചകളില്‍ ഒന്നാണ് മഴവില്ല്. അങ്ങനെയുള്ള മഴവില്ല് ഒമ്പതു മണിക്കൂറോളം മായാതെ നിന്നാലോ?
ഏറ്റവും കൂടുതല്‍ സമയം മായാതെനിന്ന മഴവില്ല് കണ്ടെന്ന അവകാശവാദവുമായി ലോക റെക്കോഡ് അവകാശപ്പെടാന്‍ ഒരുങ്ങുകയാണ് തായ് വാനില്‍നിന്നുള്ള ചൗ കുന്‍ ഹ്‌സ്വാന്‍ എന്ന സര്‍വകലാശാല പ്രൊഫസര്‍. തലസ്ഥാനമായ തായ്‌പേയിയില്‍ ഇക്കഴിഞ്ഞ ദിവസം പ്രത്യക്ഷപ്പെട്ട മഴവില്ല് ഒമ്പത് മണിക്കൂറോളമാണ് മായാതെ നിന്നതെന്നാണ് ചൗ പറയുന്നത്.
രാവിലെ 6.67 മുതല്‍ വൈകിട്ട് 3.55 വരെ(എട്ടുമണിക്കൂര്‍ 58 മിനിട്ട്) മഴവില്ല് മായാതെ നിന്നെന്നാണ് ചൗവിന്റെ വാദം. ദ ഗാര്‍ഡിയനാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. സഹപ്രവര്‍ത്തകനായ ലിയു ചിങ് ഹുയാങ്ങിനും വിദ്യാര്‍ഥികള്‍ക്കുമൊപ്പമാണ് നവംബര്‍ മുപ്പതിന് പ്രത്യക്ഷപ്പെട്ട മഴവില്ലിനെ ചൗ നിരീക്ഷിച്ചത്.
വിദ്യാര്‍ഥികളെ കൊണ്ട് മഴവില്ലിന്റെ വിവിധങ്ങളായ ചിത്രങ്ങള്‍ പകര്‍ത്തുകയും ചെയ്തിട്ടുണ്ടത്രെ. അദ്ഭുതകരമായിരുന്നു അത്. ആകാശത്തുനിന്നു ലഭിച്ച സമ്മാനം പോലെയാണ് അനുഭവപ്പെട്ടത്. വളരെ അപൂര്‍വമാണിത്- ചൗ കുന്‍ ഹ്‌സ്വാന്‍ ബി ബി സിയോട് പ്രതികരിച്ചു. തലേദിവസം കാമ്പസില്‍ പ്രത്യക്ഷപ്പെട്ട മഴവില്ല് ആറുമണിക്കൂറോളം മായാതെ നിന്നിരുന്നത്രെ.
ഏറ്റവും കൂടുതല്‍ സമയം മായാതെനിന്ന മഴവില്ലിന് ഗിന്നസ് വേള്‍ഡ് റിക്കോഡിന് അപേക്ഷിക്കാന്‍ ഒരുങ്ങുകയാണ് ചൗ. യു കെയിലെ ഷെഫീല്‍ഡില്‍ ആറു മണിക്കൂര്‍ നേരം മായാതെനിന്ന മഴവില്ലിനാണ് നിലവില്‍ ലോക റെക്കോഡ്. പതിനായിരത്തിലധികം ഫോട്ടോകളാണ് തന്റെ വകുപ്പ് മാത്രമെടുത്തതെന്നും കാമ്പസിലെ മറ്റു കുട്ടികളും സമീപവാസികളും മറ്റുമെടുത്ത ചിത്രങ്ങളും പരിശോധിക്കുമ്പോള്‍ ലോക റെക്കോഡ് ലഭിച്ചേക്കുമെന്നാണ് ചൗവിന്റെ പ്രതീക്ഷ.
video courtesy: youtube/Guardian News
content highlights: longest lasting rainbow rainbow taiwan