വാഷിങ്ടണ്‍: വിസാ നിരോധനത്തില്‍ ഉറച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. വിസാ നിരോധനം സാധ്യമാക്കാന്‍ നിയമപോരാട്ടം നടത്തുമെന്ന് ട്രംപ് പറഞ്ഞു. അധികാരമേറ്റ ശേഷം ആദ്യമായി യുഎസ് കോണ്‍ഗ്രസിനെ അഭിസംബോധന ചെയ്യവെയാണ് ട്രംപ് ഇക്കാര്യം വ്യക്തമാക്കിയത്.
പരിശോധന അസാധ്യമായ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് വിസ അനുവദിക്കില്ലെന്നും യുഎസ് പ്രസിഡന്റ് പറഞ്ഞു. അമേരിക്കയിലെ നിലവിലെ കുടിയേറ്റ നിയമം കാലഹരണപ്പെട്ടതാണെന്നും കുടിയേറ്റം നിയമം ശക്തിപ്പെടുത്തുന്നത് അമേരിക്കന്‍ പൗരന്‍മാരുടെ സുരക്ഷിതത്വത്തിന് വേണ്ടിയാണെന്നും ട്രംപ് കോണ്‍ഗ്രസില്‍ വിശദീകരിച്ചു.
അമേരിക്കന്‍ പൗരന്‍മാര്‍ക്കാണ് പ്രഥമ പരിഗണന ലഭിക്കേണ്ടത്. അവരുടെ തൊഴില്‍ സുരക്ഷിതത്വം ഉറപ്പാക്കുന്നതിനുള്ള നടപടികളാണ് സ്വീകരിക്കുന്നത്. അമേരിക്കക്കാരുടെ തൊഴില്‍ സാധ്യതകള്‍ ഇല്ലാതാക്കുന്ന കരാറുകളില്‍ നിന്ന് പിന്‍മാറും. അമേരിക്കയെ വീണ്ടും മഹത്തായ രാജ്യമാക്കുന്നതിന് ഇതാവശ്യമാണ് -ട്രംപ് പറഞ്ഞു.
ട്രംപിന്റെ പ്രസംഗത്തില്‍ നിന്ന്:
- ഭീകരസംഘടനയായ ഐഎസിനെ തകര്‍ക്കാന്‍ അമേരിക്ക പ്രതിജ്ഞാബദ്ധമാണ്.
- ഐഎസിനെ തുടച്ചുനീക്കുന്നതിനുള്ള പദ്ധതി തയ്യാറാക്കാന്‍ പ്രതിരോധ വകുപ്പിന് നിര്‍ദേശം നല്‍കി.
- ഐഎസ് ക്രിസ്ത്യാനികളെയും മുസ്ലിമുകളെയും സ്ത്രീകളെയും പുരുഷന്‍മാരെയും കൊലപ്പെടുത്തിയിട്ടുണ്ട്.
- മുസ്ലിം ലോകം ഉള്‍പ്പെടെയുള്ളവരുമായി സഹകരിച്ച് ഭൂമിയുടെ ശത്രുക്കളായ ഐഎസിനെ തുടച്ചുനീക്കും.
- കഴിഞ്ഞ എട്ടു വര്‍ഷത്തിനിടെ മറ്റെല്ലാ പ്രസിഡന്റുമാരും ഉണ്ടാക്കിയതിനേക്കാളേറെ കടം (ഒബാമ) ഉണ്ടാക്കിയിട്ടുണ്ട്.
- അമേരിക്കയില്‍ ഉദാരവത്ക്കരണം നടപ്പാക്കുന്ന നാഫ്റ്റ (നോര്‍ത്ത് അമേരിക്കന്‍ ഫ്രീ ട്രേഡ് എഗ്രിമെന്റ്) അംഗീകരിച്ചതോടെ നമുക്ക് നാലിലൊന്ന് നിര്‍മാണ ജോലികള്‍ നഷ്ടമായി.
- 2001ല്‍ ചൈന ലോക വ്യാപാര സംഘടനയില്‍ ചേര്‍ന്നതോടെ നമുക്ക് 60,000 വ്യവസായ ശാലകള്‍ നഷ്ടമായി.
- ഒബാമ കെയര്‍ ഒരു ദുരന്തമാണ്. അത് പിന്‍വലിച്ച് മെച്ചപ്പെട്ട ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി നടപ്പിലാക്കും.
- കഴിഞ്ഞ വര്‍ഷത്തെ നമ്മുടെ വ്യാപാരക്കമ്മി 800 ബില്ല്യണ്‍ (80,000 കോടി) ഡോളറാണ്.
- 9.4 കോടി അമേരിക്കക്കാര്‍ക്ക് തൊഴിലില്ല; 4.3 കോടി പേര്‍ ദാരിദ്ര്യത്തിലാണ്.
- ശുഭാപ്തിവിശ്വാസം അസാധ്യമായതിനെ പോലും സാധ്യമാക്കും.
- അമേരിക്കയില്‍ എത്തുന്നവര്‍ രാജ്യത്തെ ശക്തിപ്പെടുത്താന്‍ വേണ്ടി പ്രവര്‍ത്തിക്കണം.
- എല്ലാവരും അമേരിക്കയുടെ ആത്മാവിനെ നവീകരിക്കുന്ന ഈ പ്രക്രിയയില്‍ വിശ്വസിക്കണമെന്നാണ് ഞാനാഗ്രഹിക്കുന്നത്.
- അമേരിക്കന്‍ കോണ്‍ഗ്രസിലെ അംഗങ്ങള്‍ വലിയ സ്വപ്നങ്ങള്‍ കാണാനും രാജ്യത്തിനായി കടുത്ത തീരുമാനങ്ങള്‍ എടുക്കാനും തയ്യാറാവണം.
- നിങ്ങളില്‍ വിശ്വസിക്കൂ., ഭാവിയില്‍ വിശ്വസിക്കൂ., അമേരിക്കയില്‍ വിശ്വസിക്കൂ.. നന്ദി, അമേരിക്കയെ ദൈവം അനുഗ്രഹിക്കട്ടെ.