പിരാനകളെ പ്രതിരോധിക്കുന്ന പിരാരുക്യുവിന്റെ തൊലി; പുതിയ ബുള്ളറ്റ് പ്രൂഫ് വികസിപ്പിക്കാനൊരുങ്ങി ഗവേഷകർ


2 min read
Read later
Print
Share

ലോകത്തിലെ ഏറ്റവും വലിയ ശുദ്ധജലമത്സ്യമായ പിരാരുക്യുവിന് പിരാനകളുടെ ആക്രമണത്തില്‍ നിന്ന് രക്ഷനേടാന്‍ കഴിയുന്നത് അതിന്റെ 'ബുള്ളറ്റ് പ്രൂഫ്' മോഡൽ തൊലിയുടെ പ്രത്യേകത കൊണ്ടെന്ന് പഠനം. ശല്‍ക്കങ്ങള്‍ നിറഞ്ഞ പുറംതൊലിയാണ് അവയെ ആക്രമണകാരികളായ പിരാനകളിൽ നിന്നും രക്ഷിക്കുന്നതെന്നാണ് ഒരു കൂട്ടം ഗവേഷകർ കണ്ടെത്തിയിരിക്കുന്നത്. ഈ സവിശേഷത ഉപയോഗിച്ച് യുദ്ധരംഗത്തു മുതൽ ബഹിരാകാശ യാത്രക്ക് വരെ ഉപയോഗിക്കാവുന്ന മികച്ച സുരക്ഷാ കവചങ്ങൾ വികസിപ്പിക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് അവർ.

മറ്റ് മത്സ്യങ്ങളെ ആക്രമിക്കുകയും ഭക്ഷണമാക്കുകയും ചെയ്യുന്ന, മത്സ്യലോകത്തെ ഭീകരരാണ് പിരാനകള്‍. പിരാനകളുടെ മൂര്‍ച്ചയേറിയ പല്ലുകള്‍ക്ക് ക്ഷതമേല്‍പ്പിക്കാന്‍ സാധിക്കാത്ത തരത്തിലുള്ളതാണ് പിരാരുക്യൂവിന്റെ പുറം കവചമെന്നാണ് ഗവേഷകരുടെ കണ്ടെത്തല്‍.

ആമസോണ്‍ നദിയിലും അതിന്റെ പോഷകനദികളിലുമാണ് ഈ മത്സ്യത്തെ ധാരാളമായി കണ്ടുവരുന്നത്. ഇവിടെ ഇവയുടെ ഏറ്റവും വലിയ ശത്രുവും പിരാന്ന തന്നെ. എന്നാല്‍ പിരാന്നയില്‍ നിന്ന് രക്ഷ നേടാന്‍ പിരാരുക്യൂവിനെ സഹായിക്കുന്ന കവചം പെട്ടെന്ന് മുറിവേല്‍ക്കാത്തതും വഴക്കമുള്ളതുമാണ്. ശല്‍ക്കങ്ങളോട് കൂടിയ ഈ രക്ഷാകവചത്തിന് വെടിയുണ്ടകളെ പ്രതിരോധിക്കാന്‍ ഉപയോഗിക്കുന്ന ബുള്ളറ്റ് പ്രൂഫ് വസ്ത്രത്തിന്റെ കരുത്തുണ്ട്.

ഏകദേശം പത്തടിയോളം(മൂന്ന് മീറ്റര്‍) വരെ നീളവും 200 കിലോയോളം വരെ തൂക്കവുമുണ്ടാകും പൂര്‍ണ വളര്‍ച്ചയെത്തിയ ഈയിനം മത്സ്യത്തിന്. വെള്ളത്തിന് വെളിയിലും ശ്വസിക്കാന്‍ കഴിയുന്ന ഇവയ്ക്ക് ഒരു ദിവസത്തോളം കരയില്‍ ജീവിക്കാന്‍ സാധിക്കും. ബ്രസീല്‍, ഗയാന, പെറു എന്നിവടങ്ങളിലും അരാപൈമ ജിജാസ് എന്ന അപരനാമമുള്ള പിരാരുക്യുവിനെ കണ്ടു വരുന്നു.

ഒരേ സമയം ഭാരം കുറവുള്ളതും കട്ടികൂടിയതുമായ പിരാരുക്യൂവിന്റെ പുറംആവരണത്തെ കുറിച്ച് കൂടുതല്‍ പഠനങ്ങള്‍ക്കൊരുങ്ങുകയാണ് ശാസ്ത്രജ്ഞര്‍. തൊലിയില്‍ കാണപ്പെടുന്ന ശല്‍ക്കങ്ങളുടെ ഘടനയും വിന്യസിക്കപ്പെട്ടിരിക്കുന്ന രീതിയും ഏതു തരത്തിലാണ് പിരാരുക്യുവിന് സഹായകമാവുന്നതെന്ന് കണ്ടെത്താൻ പഠനങ്ങള്‍ തുടരുകയാണ്. ഇതു വരെയുള്ള ഗവേഷണവിവവരങ്ങള്‍ യൂണിവേഴ്‌സിറ്റി ഓഫ് കാലിഫോര്‍ണിയ, യൂണിവേഴ്‌സിറ്റി ഓഫ് സാന്‍ ഡിയാഗോ, യൂണിവേഴ്‌സിറ്റി ഓഫ് കാലിഫോര്‍ണിയ, ബെര്‍കെലി യൂണിവേഴ്‌സിറ്റി എന്നിവടങ്ങളിലെ ഗവേഷകര്‍ ബുധനാഴ്ച പുറത്തു വിട്ടു.

നേര്‍ത്തതാണെങ്കിലും ഉറപ്പുള്ള ശല്‍ക്കങ്ങളെ പല വിധത്തില്‍ പഠനവിധേയമാക്കി. പാളികളായി കാണപ്പെടുന്ന ശല്‍ക്കങ്ങളുടെ പുറത്തെ പാളി ധാതുലവണങ്ങളാല്‍ കഠിനമാക്കപ്പെട്ടിരിക്കുന്നു. ഉള്ളിലെ പാളി കൊളാജെനാണ്. ശരീരചര്‍മത്തിലേയും സംയോജിതകലകളുടേയും പ്രധാനഘടമാണ് കൊളാജെന്‍. ഉള്ളിലെ പാളികള്‍കള്‍ക്ക് മൃദുസ്വഭാവമാണുള്ളത്. പിരാനകളുടെ ആക്രമണത്താല്‍ ശല്‍ക്കങ്ങള്‍ക്ക് കേടുപാട് സംഭവിക്കുമെങ്കിലും ശരീരത്തില്‍ പിരാന്നകളുടെ മൂര്‍ച്ചയേറിയ കടിയേല്‍ക്കാതിരിക്കാന്‍ പിരാരുക്യുവിന്റെ ബുള്ളറ്റ് പ്രൂഫ് സഹായിക്കുന്നു.

കട്ടിയേറിയതാണെങ്കിലും പിരാരുക്യുവിന്റെ പുറം ആവരണത്തിന് വളയുമ്പോഴും മടങ്ങുമ്പോഴും വലിയുമ്പോഴും സംഭവിക്കുന്ന മാറ്റങ്ങളും രാസമാറ്റങ്ങളും പഠനവിഷയമാണ്. ഇതേ രീതിയിലും ഘടനയിലുമുള്ള വെടിയുണ്ടകളേയും സ്‌ഫോടനങ്ങളേയും അതിജീവിക്കാനുതകുന്ന കൃത്രിമവസ്ത്രങ്ങൾ നിര്‍മിക്കാന്‍ കഴിയുമോന്നുള്ള ഗവേഷണത്തിലാണ് ശാസ്ത്രജ്ഞര്‍. ഈ ഗവേഷണങ്ങള്‍ക്ക് പിന്തുണ നല്‍കുന്നത് യു എസ് വ്യോമസേനയാണ്.

Content Highlights: Pirarucu, Fish Wearing Natural 'Bullet-Proof Vest' to Thwart Piranhas

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram