തായ്‌പേയ്: ഒരു യാത്രക്കാരന്‍ കാരണം പൊറുതിമുട്ടിയത് ഒരുകൂട്ടം എയര്‍ഹോസ്റ്റസുമാര്‍. തായ്‌വാന്‍ വിമാനക്കമ്പനിയായ ഇ.വി.എ. എയറിലെ എയര്‍ഹോസ്റ്റസുമാരാണ് യാത്രക്കാരന്റെ വ്യത്യസ്തമായ ആവശ്യങ്ങള്‍ കാരണം കഷ്ടത്തിലായത്. കഴിഞ്ഞ ശനിയാഴ്ച ലോസ് ആഞ്ജലിസില്‍നിന്നും തായ്‌വാനിലേക്ക് പറന്ന വിമാനത്തിലായിരുന്നു സംഭവം.
ഇ.വി.എ. എയറിന്റെ ദീര്‍ഘദൂര വിമാനത്തിലെ യാത്രയ്ക്കിടെയായിരുന്നു വീല്‍ചെയറില്‍ വന്ന യാത്രക്കാരന്‍ ശുചിമുറിയില്‍ പോകാന്‍ സഹായിക്കണമെന്ന് എയര്‍ഹോസ്റ്റസുമാരോട് ആവശ്യപ്പെട്ടത്. യാത്രക്കാരന്റെ അഭ്യര്‍ഥന മാനിച്ച എയര്‍ഹോസ്റ്റസുമാര്‍ അമിതഭാരമുള്ളയാളെ ശുചിമുറിയിലെത്തിക്കുകയും ചെയ്തു. എന്നാല്‍ ഇതിനുശേഷം യാത്രക്കാരന്‍ ഉന്നയിച്ച ആവശ്യങ്ങള്‍ കേട്ട് എയര്‍ഹോസ്റ്റസുമാര്‍ അന്തംവിട്ടു.
തന്റെ ട്രൗസറും അടിവസ്ത്രവും അഴിച്ചുനല്‍കണമെന്നായിരുന്നു ഇയാള്‍ പിന്നീട് ആവശ്യപ്പെട്ടത്. ആദ്യം പകച്ചുനിന്നെങ്കിലും എയര്‍ഹോസ്റ്റസുമാര്‍ ഈ സഹായവും ചെയ്തുകൊടുത്തു. പക്ഷേ, ശുചിമുറിയില്‍നിന്ന് പുറത്തിറങ്ങാന്‍ നേരം ഇയാള്‍ വീണ്ടും എയര്‍ഹോസ്റ്റസുമാരെ സമീപിച്ചു. തന്റെ സ്വകാര്യഭാഗങ്ങള്‍ വൃത്തിയാക്കിതരണമെന്നായിരുന്നു ആവശ്യം. എന്നാല്‍ ഇതിന് എയര്‍ഹോസ്റ്റസുമാര്‍ വിമുഖത കാണിച്ചെങ്കിലും യാത്രക്കാരന്‍ പിന്മാറിയില്ല. എത്രയുംപെട്ടെന്ന് വൃത്തിയാക്കിതരണമെന്ന് ഇയാള്‍ ആക്രോശിച്ചുകൊണ്ടിരുന്നു. ഇതോടെ മറ്റുവഴികളിലില്ലാതെ എയര്‍ഹോസ്റ്റസുമാര്‍ അതും ചെയ്തുകൊടുത്തു. യാത്രക്കാരനെ ശുചിമുറിയില്‍ ഉപേക്ഷിച്ച് പോകാന്‍ സാധിക്കാത്തതിനാല്‍ വൃത്തിയാക്കികൊടുക്കാന്‍ എയര്‍ഹോസ്റ്റസുമാര്‍ നിര്‍ബന്ധിതരാവുകയായിരുന്നു.
സംഭവത്തിനുശേഷം എയര്‍ഹോസ്റ്റസുമാര്‍ ജനുവരി 21-ന് പത്രസമ്മേളനം വിളിച്ചുചേര്‍ത്താണ് തങ്ങള്‍ക്ക് നേരിട്ട ദുരനുഭവം വ്യക്തമാക്കിയത്. യാത്രക്കാരന്‍ അനാവശ്യമായാണ് സഹായം ആവശ്യപ്പെട്ടതെന്നും വിമാനം ലാന്‍ഡ് ചെയ്തതിനുശേഷം പുരുഷജീവനക്കാര്‍ അദ്ദേഹത്തെ സഹായിക്കാന്‍ ശ്രമിച്ചപ്പോള്‍ യാത്രക്കാരന്‍ അതെല്ലാം നിരസിച്ചെന്നും എയര്‍ഹോസ്റ്റസുമാര്‍ പറഞ്ഞു. എന്തായാലും എയര്‍ഹോസ്റ്റസുമാരെ കുഴപ്പിച്ച യാത്രക്കാരനെതിരെ സാമൂഹികമാധ്യമങ്ങളിലും പ്രതിഷേധം ശക്തമായിട്ടുണ്ട്.
Content Highlights: Passenger Forces Flight Attendants To Wipe His Backside in Taiwan's EVA Air Flight