സാന്റ ക്ലാരിറ്റ: കാലിഫോര്‍ണിയയില്‍ ഹൈസ്‌കൂള്‍ വിദ്യാര്‍ഥിയുടെ വെടിയേറ്റ് രണ്ട് വിദ്യാര്‍ഥികള്‍ മരിച്ചു, മൂന്ന് വിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റു. സ്‌കൂള്‍ സമയം ആരംഭിച്ച് നിമിഷങ്ങള്‍ക്കുള്ളിലാണ് ബാഗിലൊളിപ്പിച്ച കൊത്തോക്കെടുത്ത് വിദ്യാര്‍ഥി സഹപാഠികള്‍ക്ക് നേരെ വെടിയുതിര്‍ത്തത്. വിദ്യാര്‍ഥിയുടെ 16 ാം പിറന്നാളായ വ്യാഴാഴ്ചയായിരുന്നു സംഭവം. ലോസ് ആഞ്ചലിസില്‍ നിന്ന് മുപ്പത് മൈല്‍ അകലെയുള്ള സോഗസ് ഹൈസ്‌കൂളിലാണ് അനിഷ്ടസംഭവമുണ്ടായത്.
തോക്കില്‍ അവശേഷിച്ച വെടിയുണ്ടയുതിര്‍ത്ത് ആത്മഹത്യയ്ക്ക് ശ്രമിച്ച വിദ്യാര്‍ഥി ചികിത്സയിലാണ്. തലയ്ക്ക് പരിക്കേറ്റെങ്കിലും ഗുരുതരാവസ്ഥ തരണം ചെയ്തതായി പോലീസ് അറിയിച്ചു. വിദ്യാര്‍ഥിയെ കുറിച്ചുള്ള വിവരങ്ങള്‍ പോലീസ് പുറത്തു വിട്ടിട്ടില്ല. ഏകദേശം 2,400 വിദ്യാര്‍ഥികള്‍ സോഗസ് ഹൈസ്‌കൂളിലുണ്ട്.
സ്‌കൂളില്‍ നിന്ന് ലഭിച്ച വീഡിയോ ദൃശ്യത്തിന്റെ അടിസ്ഥാനത്തില്‍ ഒരു സ്ഥലത്ത് നിലയുറപ്പിച്ചാണ് വിദ്യാര്‍ഥി അഞ്ച് പേര്‍ക്ക് നേരെയും വെടിവെച്ചതെന്നും 16 സെക്കന്‍ഡുകള്‍ക്കുള്ളില്‍ വെടി വെപ്പ് അവസാനിച്ചുവെന്നും പോലീസ് അധികൃതര്‍ അറിയിച്ചു. താന്‍ നില്‍ക്കുന്നതിന്റെ വലതു വശത്തു നിന്നാരംഭിച്ച് സ്വയം വെടിവെക്കുന്നത് വരെ അവന്‍ അനങ്ങിയിരുന്നില്ലെന്നും പ്രത്യേകിച്ച് ആരെയും ലക്ഷ്യമിട്ടിരുന്നില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
വിദ്യാര്‍ഥിയുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ പരിശോധിച്ചു വരികയാണ്. വിദ്യാര്‍ഥിയുടേതെന്ന് സംശയിക്കുന്ന ഇന്‍സ്റ്റഗ്രാമിലെ വ്യാജ അക്കൗണ്ടില്‍ നാളെ സ്‌കൂളില്‍ നല്ല തമാശയുണ്ടാകുമെന്ന് രേഖപ്പെടുത്തിയത് ശ്രദ്ധയില്‍ പെട്ടതായി പോലീസ് അറിയിച്ചു. ഇതിനെ കുറിച്ച് കൂടുതല്‍ അന്വേഷണം നടത്തിവരികയാണ്.
വെടിവെപ്പുണ്ടായാല്‍ സ്വീകരിക്കേണ്ട സുരക്ഷാമാര്‍ഗങ്ങളെ കുറിച്ച് വിദ്യാര്‍ഥികള്‍ക്ക് പരിശീലനം നല്‍കിയിട്ടുണ്ടെങ്കിലും വെടിയൊച്ച കേട്ടയുടന്‍ ബലൂണ്‍ പൊട്ടിക്കുന്നതാണെന്ന് തെറ്റിദ്ധരിച്ചാണ് വിദ്യാര്‍ഥികള്‍ ക്ലാസ് മുറിയില്‍ തന്നെ തുടര്‍ന്നതെന്നും പിന്നീട് പരിഭ്രാന്തരായി ഇറങ്ങിയോടിയെന്നും സിസിടിവി ദൃശ്യങ്ങള്‍ സൂചിപ്പിക്കുന്നു.
Content Highlights: On 16th birthday, California student opens fire at his high school