നോര്‍തേണ്‍ സ്‌നേക്ക്‌ഹെഡ് എന്ന മത്സ്യയിനത്തെ (വരാൽ വർഗ്ഗം) ജലാശയങ്ങളില്‍ കണ്ടെത്തിയതിന്റെ പരിഭ്രാന്തിയിലാണ് ജോര്‍ജിയയിലെ നാച്വറല്‍ റിസോഴ്‌സസ് ഡിപ്പാര്‍ട്ട്‌മെന്റ്. വെള്ളത്തില്‍ മാത്രമല്ല ദിവസങ്ങളോളം കരയിലും ജീവന്‍ നിലനിര്‍ത്താന്‍ സാധിക്കുന്ന മത്സ്യമാണ് നോര്‍തേണ്‍ സ്‌നേക്ക്‌ഹെഡ്‌സ്(Northern Snakeheads).
മത്സ്യബന്ധനത്തിനിടെ വലയില്‍ കുടുങ്ങുന്ന വരാലിനെ കിട്ടിയയുടനെ തന്നെ കൊന്നു കളയാനാണ് അധികൃതരുടെ ഉത്തരവ്. ജലാശയങ്ങളിലെ മറ്റ് ജീവികളുടെ നിലനില്‍പിന് ഭീഷണിയാവുമെന്നുള്ളതിനാലാണ് വരാലിനെ വകവരുത്താനുള്ള ഉത്തരവിന് പിന്നില്‍. നിലവിലെ ഭക്ഷ്യശൃംഗലയും ആവാസവ്യവസ്ഥയും നശിക്കാന്‍ വരാൽ വർഗ്ഗത്തിൽപെട്ട സ്‌നേക്ക് ഹെഡിന്റെ സാന്നിധ്യം കാരണമാകുമെന്നാണ് വിദഗ്ധരുടെ അഭിപ്രായം.
ജോര്‍ജിയയിലെ ഗ്വിന്നറ്റ് കൗണ്ടിയിലാണ് സ്‌നേക്ക്‌ഹെഡിനെ കണ്ടെത്തിയത്. ഏഷ്യന്‍ മേഖലയില്‍ സര്‍വസാധാരണമാണ് സ്നേക്ക് ഹെഡ് മീനുകൾ. പാമ്പിന്റെ തലയുടെ ആകൃതിയുള്ള തലയായതിനാലാണ് ഈ മീനിന് സ്‌നേക്ക്‌ഹെഡ് എന്ന പേര് ലഭിച്ചത്. മൂന്നടിയിലേറെ നീളം വെയ്ക്കുന്ന സ്‌നേക്ക് ഹെഡിന് നാല് ദിവസം വെള്ളത്തിലല്ലാതെ ജീവിക്കാനും ശരീരത്തിലെ ജലാംശം നിലനിര്‍ത്താനും സാധിക്കും.
മറ്റ് മത്സ്യങ്ങള്‍, തവളകള്‍, എലികള്‍ തുടങ്ങിയ ചെറുജീവികളെയൊക്കെ സ്‌നേക്ക് ഹെഡ് ഭക്ഷണമാക്കും. വരള്‍ച്ചാകാലത്ത് ചെളിയില്‍ പുതഞ്ഞ് ജീവിക്കാനും സ്‌നേക്ക്‌ഹെഡിന് സാധിക്കും. ഭക്ഷ്യയോഗ്യമായ ഈ മത്സ്യം പോഷകസമ്പുഷ്ടമാണ്.
സ്‌നേക്ക് ഹെഡിനെ കണ്ടാല്‍ തിരിച്ചറിയാനുള്ള നിര്‍ദേശങ്ങള്‍ വന്യജീവി വകുപ്പ് ജനങ്ങള്‍ക്ക് നല്‍കിക്കഴിഞ്ഞു. ഇത്തരം മത്സ്യത്തെ കണ്ടെത്തിയാല്‍ കൊല്ലാനും ഫോട്ടോ പകര്‍ത്തി വന്യജീവി വകുപ്പിന് കൈമാറാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.
Content Highlights: Officials Want Fish That Can Live On Land Dead ASAP, Georgia