ക്വാലാലംപുര്‍: ഭീകര സംഘടനയായ ഐ.എസിനെതിരായ പോരാട്ടത്തില്‍ യാതൊരു വിട്ടുവീഴ്ചയുമില്ലെന്ന് യു.എസ്. പ്രസിഡന്റ് ബരാക്ക് ഒബാമ. ഐ.എസിനെതിരെ നടത്തുന്ന പോരാട്ടത്തില്‍ അമേരിക്കയ്‌ക്കൊപ്പം അണിചേരാന്‍ റഷ്യ തയ്യാറാകണമെന്നും ഒബാമ ആവശ്യപ്പെട്ടു. ഐ.എസിനെതിരായ ആക്രമണങ്ങള്‍ സംബന്ധിച്ച് ചര്‍ച്ച നടത്താന്‍ ഫ്രഞ്ച് പ്രസിഡന്റ് ഫ്രാന്‍സ്വ ഒലാദ് എത്താനിരിക്കെയാണ് റഷ്യന്‍ പ്രസിഡന്റിനുള്ള ഒബാമയുടെ നേരിട്ടുള്ള ക്ഷണം. അമേരിക്കന്‍ സന്ദര്‍ശനത്തിനുശേഷം ഒലാദ് റഷ്യയും സന്ദര്‍ശിക്കുന്നുണ്ട്.
തീവ്രവാദത്തെ ഒരു കാരണവശാലും വച്ചു പൊറുപ്പിക്കാനാവില്ല. പാരിസ് നന്നതുപോലുള്ള ആക്രമണങ്ങള്‍ ഒരിക്കലും അംഗീകരിക്കാനാവില്ല. ഇതിനെതിരെ ലോകം ഒന്നിച്ച് അണിനിരക്കേണ്ടതുണ്ട്. ഈയൊരു ആഗോള ശ്രമത്തിന് നേതൃത്വം നല്‍കാന്‍ അമേരിക്ക തയ്യാറാണ്. ഐ.എസിനെതിരായ പോരാട്ടത്തില്‍ അണിനിരക്കാന്‍ റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമര്‍ പുതിനും തയ്യാറാകണം. 224 യാത്രക്കാരുടെ മരണത്തിനിടയാക്കി റഷ്യന്‍ വിമാനം വെടിവെച്ചിട്ടത് ഐ.എസാണെന്ന് ആരോപണമുണ്ട്. ഇവരെ കണ്ടെത്തി ശിക്ഷിക്കേണ്ട ഉത്തരവാദിത്വം റഷ്യന്‍ പ്രസിഡന്റിനുണ്ട്. റഷ്യയോട് അനുഭാവം പ്രകടിപ്പിക്കുന്ന സിറിയയിലെ അസാദിനുവേണ്ടി അദ്ദേഹത്തിന്റെ വിമതരെയാണ് റഷ്യ ഇപ്പോള്‍ വ്യോമാക്രമണങ്ങളില്‍ ലക്ഷ്യമിടുന്നത്. അസാദിനെ പിന്തുണയ്ക്കുന്നതില്‍ നിന്ന് റഷ്യ പിന്‍വാങ്ങണം. അസാദ് ഭരണത്തില്‍ ഉള്ളിടത്തോളം കാലം സിറിയയിലെ സംഘര്‍ഷം അമര്‍ച്ച ചെയ്യാനാവില്ല. അസാദും വിമതരും തമ്മിലുള്ള പോരാട്ടം സൃഷ്ടിച്ച ശൂന്യത മുതലെടുത്താണ് സിറിയയിലും ഇറാക്കിലും ഐ.എസ്. ചുവടുറപ്പിച്ചത്. ഇവര്‍ ഇപ്പോള്‍ ഈ താവളങ്ങള്‍ വിട്ട് മറ്റിടങ്ങളാണ് ലക്ഷ്യമിടുന്നത്. ഇതിന്റെ ഫലമാണ് 130 പേര്‍ കൊല്ലപ്പെട്ട പാരിസ് ആക്രമണം-ഒബാമ പറഞ്ഞു.
ഇത്തരം ചാവേറാക്രമണങ്ങള്‍ക്ക് തടയിടുകയാണ് ഐ.എസിനെ തോല്‍പിക്കാനുള്ള ഏറ്റവും ശക്തമായ മാര്‍ഗം. ഇത്തരം ഭീകരാക്രമണങ്ങളെ ഭയക്കുന്നില്ലെന്നും അതില്‍ തളരില്ലെന്നും പറയാന്‍ ഒരോ രാജ്യത്തിനും കഴിയണം. അബ്ബൗദിനെ പാരിസ് ആക്രമണത്തിന്റെ സൂത്രധാരന്‍ എന്ന് വിശേഷിപ്പിക്കുന്നതില്‍ കാര്യമില്ല. ഒരാള്‍ മരിക്കാന്‍ തയ്യാറായാല്‍ എത്ര പേരെ വേണമെങ്കിലും കൊല്ലാനാവും-ഒബാമ പറഞ്ഞു.
Share this Article
Related Topics