സോള്‍: ഉത്തര, ദക്ഷിണ കൊറിയകളുടെ രാഷ്ട്ര തലവന്‍മാര്‍ തമ്മില്‍ നടന്ന കൂടിക്കാഴ്ചയ്ക്ക് ശുഭപര്യവസാനമെന്ന് റിപ്പോര്‍ട്ട്. മേഖലയെ ആണവായുധ വിമുക്തമാക്കിക്കൊണ്ടുള്ള പ്രഖ്യാപനത്തില്‍ ഉത്തര കൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്നും ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് മൂണ്‍ ജോ ഇന്നും തമ്മില്‍ ധാരണയായതായും വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
കൊറിയന്‍ ഉപഭൂഖണ്ഡത്തില്‍ സുസ്ഥിര സമാധാനം ഉറപ്പുവരുത്തുന്നതിന് കരാറില്‍ ഏര്‍പ്പെടുമെന്ന് ഇരു രാഷ്ട്രത്തലവന്‍മാരും വ്യക്തമാക്കി. സൈനിക ആയുധ ഉപയോഗം കുറയ്ക്കുക, വിദ്വേഷകരമായ പ്രവൃത്തികളില്‍നിന്ന് പിന്‍തിരിയുക, അതിര്‍ത്തികള്‍ സമാധാന മേഖലകളാക്കുക, അമേരിക്ക അടക്കമുള്ള ഇതര രാജ്യങ്ങളുമായി ഉഭയകക്ഷി ചര്‍ച്ചകള്‍ പ്രോത്സാഹിപ്പിക്കുക തുടങ്ങിയ കാര്യങ്ങളില്‍ ഇരു രാജ്യങ്ങളും തമ്മില്‍ തീരുമാനമുണ്ടായിട്ടുണ്ട്.
ഒരു പതിറ്റാണ്ടിനു ശേഷമാണ് ഉത്തര, ദക്ഷിണ കൊറിയയുടെ തലവന്‍മാര്‍ തമ്മില്‍ ഔപചാരിക കൂടിക്കാഴ്ച നടക്കുന്നത്. ഉത്തര, ദക്ഷിണ കൊറിയകള്‍ക്കിടയിലുള്ള പന്‍മുന്‍ജോങ് എന്ന സമാധാന മേഖലയിലാണ് ഇരുവരും തമ്മില്‍ കൂടിക്കാഴ്ച നടന്നത്. പതിറ്റാണ്ടുകളായി ഇരു രാജ്യങ്ങളും തമ്മില്‍ തുടരുന്ന സംഘര്‍ഷങ്ങള്‍ക്ക് പരിസമാപ്തിയുണ്ടാക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു കൂടിക്കാഴ്ച.
Content highlights: North, South Korea, Complete Denuclearisation, Korean Peninsula, Kim Jong Un