സിയോള്‍: രണ്ട് മാസമായി ഉത്തരകൊറിയ മിസൈല്‍ പരീക്ഷണങ്ങള്‍ നടത്താത്തത് പ്രസിഡന്റ് കിം ജോങ് ഉന്നിന്റെ ആരോഗ്യനില മോശമായതിനാലെന്ന് റിപ്പോര്‍ട്ട്. ന്യൂസ് ഡോട്ട് കോം വാര്‍ത്താപോര്‍ട്ടലാണ് സ്വകാര്യ രഹസ്യാന്വേഷണ ഏജന്‍സികളെ ഉദ്ധരിച്ച് റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്.
60 ദിവസമായി ഉത്തരകൊറിയ മിസൈല്‍ പരീക്ഷണങ്ങളൊന്നും നടത്തുന്നില്ല. കഴിഞ്ഞ കുറച്ചുദിവസങ്ങളായി കിം ജോങ് നേരിട്ട് പ്രസ്താവനകള്‍ നടത്തുന്നുമില്ല. അടുത്തിടെ പുറത്തുവന്ന ഉന്നിന്റെ ചിത്രങ്ങളില്‍ അദ്ദേഹത്തിന്റെ ശരീര വണ്ണം വര്‍ധിച്ചിരിക്കുന്നതായും കാണാം. ഇക്കാര്യങ്ങളെല്ലാം സൂചിപ്പിക്കുന്നത് കിം ജോങ് ഉന്നിന്റെ ആരോഗ്യനില തൃപ്തികരമല്ലെന്നാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
ഹൃദ്രോഗവും പ്രമേഹവും രക്താതി സമ്മര്‍ദ്ദവും കിം ജോങ് ഉന്നിനെ കുഴപ്പത്തിലാക്കുന്നുണ്ടെന്നാണ് സൂചനകള്‍. വധഭീഷണി നിലനില്‍ക്കുന്നതിലുള്ള ഭയം മൂലം അദ്ദേഹം മാനസിക സമ്മര്‍ദ്ദത്തിനടിപ്പെട്ടതായും അമിതമായി ആഹാരം കഴിക്കുന്നതായും ദക്ഷിണകൊറിയന്‍ ചാരന്മാര്‍ കഴിഞ്ഞയിടെ അവകാശപ്പെട്ടിരുന്നു.
പിതാവ് കിം ജോങ് ഇല്‍ ഹൃദയാഘാതത്തെത്തുടര്‍ന്ന് മരിച്ചതോടെ 2011ലാണ് കിം ജോങ് ഉന്‍ ഉത്തരകൊറിയയുടെ ഭരണനേതൃത്വം ഏറ്റെടുത്തത്. കഴിഞ്ഞ ജൂലൈയില്‍ രാജ്യം സ്വന്തമായി വികസിപ്പിച്ചെടുത്ത ആദ്യ ഭൂഖണ്ഡാന്തര മിസൈലിന്റെ പരീക്ഷണ വിക്ഷേപണം വിജയകരമായി പൂര്‍ത്തിയാക്കിയിരുന്നു. അതേത്തുടര്‍ന്ന് ഉത്തരകൊറിയയ്‌ക്കെതിരായ അമേരിക്കന്‍ നീക്കങ്ങളും കൂടുതല്‍ ശക്തമായി. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രപും കിം ജോങ് ഉന്നുമായുള്ള വാക്‌പോര് മുമ്പെങ്ങുമില്ലാത്ത വിധം രൂക്ഷമായതും ഇക്കാലത്താണ്. ഉന്നിനെ ട്രംപ് റോക്കറ്റ് മനുഷ്യന്‍ എന്ന് പരിഹസിച്ചപ്പോള്‍ മാനസികനില ശരിയല്ലാത്ത മന്ദബുദ്ധി എന്നായിരുന്നു ട്രംപിനെക്കുറിച്ച് ഉന്നിന്റെ പ്രതികരണം.
Content Highlights: North Korea, kim jong-un, unwell, ballistic missile