സോള്‍: പാക്കറ്റു മലനിരകളില്‍ വെള്ള കുതിരപ്പുറത്ത് കയറി സവാരി നടത്തി ഉത്തര കൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്‍. രാജ്യത്തെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ കെ.സി.എന്‍.എ.യാണ് കിം ജോങ് ഉന്നിന്റെ പുതിയ ചിത്രങ്ങള്‍ പുറത്തുവിട്ടത്.
പാക്കറ്റു മലനിരകളില്‍നിന്നുള്ള അദ്ദേഹത്തിന്റെ പുതിയ ചിത്രങ്ങള്‍ മറ്റൊരു ഓപ്പറേഷന്റെ സൂചനയാണെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെയും മാധ്യമങ്ങളുടെയും വിലയിരുത്തല്‍. ചിത്രങ്ങള്‍ പുറത്തുവിട്ട കെ.എസി.എന്‍.എ.യും ഇക്കാര്യം സൂചിപ്പിക്കുന്നു. പാക്കറ്റുവില്‍ കുതിരപ്പുറത്തുകയറിയുള്ള കിം ജോങ് ഉന്നിന്റെ സവാരി കൊറിയന്‍ വിപ്ലവചരിത്രത്തില്‍ ഏറെ പ്രാധാന്യമേറിയതാണെന്നായിരുന്നു വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തത്.
ഉത്തരകൊറിയയുടെ പല സുപ്രധാന നയപ്രഖ്യാപനങ്ങള്‍ക്ക് മുന്‍പും ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണത്തിന് മുന്‍പും കിം ജോങ് ഉന്‍ പാക്കറ്റു മലനിരകളിലേക്ക് യാത്രചെയ്തിരുന്നു. കഴിഞ്ഞവര്‍ഷം ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് മൂണ്‍ ജെ ഇന്നുമായി നടത്തിയ ഉച്ചകോടിയുടെ ഭാഗമായി അദ്ദേഹവുമായും കിം പാക്കറ്റു മലനിരകളിലെത്തിയിരുന്നു. ഇതെല്ലാം കണക്കിലെടുത്താണ് ഉത്തര കൊറിയയുടെ പുതിയ ഓപ്പറേഷന്റെ സൂചനയാണ് കിമ്മിന്റെ പാക്കറ്റു യാത്രയെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ അഭിപ്രായപ്പെടുന്നത്.
ഉത്തര കൊറിയ ഉടന്‍തന്നെ ബഹിരാകാശ ദൗത്യം ആരംഭിച്ചേക്കുമെന്നും അതല്ല, സാമ്പത്തികരംഗവുമായി ബന്ധപ്പെട്ട സുപ്രധാന തീരുമാനമുണ്ടായേക്കുമെന്നും വിവിധ രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു.
Content Highlights: north korean leader kim jong un horseback ride in paektu mountains