സോള്‍: ദക്ഷിണകൊറിയയുടെ തന്ത്രപ്രധാനമായ യുദ്ധരഹസ്യങ്ങള്‍ ഉത്തരകൊറിയ ചോര്‍ത്തിയതായി റിപ്പോര്‍ട്ട്. ഉത്തരകാറിയയുടെ ഹാക്കര്‍മാരാണ് ദക്ഷിണകൊറിയയുടെ പ്രതിരോധ ശൃംഖലയില്‍ കയറി വിവരങ്ങള്‍ ചോര്‍ത്തിയത്.
കഴിഞ്ഞ സെപ്തംബറിലാണ് ഉത്തരകൊറിയന്‍ ഹാക്കര്‍മാര്‍ നെറ്റ്‌വര്‍ക്ക് ഹാക്ക് ചെയ്ത് വിവരങ്ങള്‍ ചോര്‍ത്തിയതെന്ന് ദക്ഷിണകൊറിയയിലെ ഡെമോക്രാറ്റിക് പാര്‍ട്ടി നേതാവ് റീ ചോല്‍ ഹീ പറഞ്ഞു. 235 ജിഗാബൈറ്റ് വരുന്ന ഫയലുകള്‍ ചോര്‍ത്തപ്പെട്ടെന്നാണ് അദ്ദേഹം പറയുന്നത്. നഷ്ടമായ ഫയലുകളില്‍ ഓപ്പറേഷണല്‍ പ്ലാന്‍ 5015 എന്ന തന്ത്രപ്രധാനഫയലുമുണ്ടെന്നാണ് വിവരം.
ഉത്തരകൊറിയയുമായി ഒരു യുദ്ധമുണ്ടാക്കുന്ന പക്ഷം എങ്ങനെ കാര്യങ്ങള്‍ നീക്കണമെന്നുള്ള മാര്‍ഗ്ഗരേഖയാണ് പ്ലാന്‍ 5015. ഉത്തരകൊറിയന്‍ പ്രസിഡന്റ് കിം ജോംഗ് ഉന്നിനെ എങ്ങനെ വധിക്കണമെന്നടക്കമുള്ള പദ്ധതികള്‍ ഇതിലുണ്ട്.
സംഭവത്തെക്കുറിച്ച് കൂടുതല്‍ പ്രതികരിക്കാന്‍ റീ ചോല്‍ ഹീ തയ്യാറായില്ലെങ്കിലും ദക്ഷിണകൊറിയയുടെ പ്രതിരോധസമിതിയില്‍ അംഗമായ അദ്ദേഹം പറഞ്ഞതെല്ലാം സത്യമാണെന്ന് അദ്ദേഹത്തിന്റെ ഓഫീസ് സ്ഥിരീകരിച്ചിട്ടുണ്ട്.
യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഉത്തരകൊറിയക്കെതിരെ നിരന്തരം യുദ്ധഭീഷണി മുഴക്കുന്നതിനിടെ യുഎസിന്റെ തന്ത്രപ്രധാന സഖ്യകക്ഷിയായ ദക്ഷിണകൊറിയയുടെ യുദ്ധരഹസ്യങ്ങള്‍ ചോര്‍ന്നത് കൊറിയന്‍ മുനമ്പിനെ മൊത്തത്തില്‍ ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്.
ചോര്‍ത്തപ്പെട്ട രേഖകള്‍ ഏതൊക്കെയാണെന്നത് പോലും ഇതുവരെ ദക്ഷിണകൊറിയയ്ക്ക് തിരിച്ചറിയാനായിട്ടില്ല. ചോര്‍ത്തപ്പെട്ട 25 ജിഗാബൈറ്റ് ഡാറ്റയില്‍ 20 ശതമാനം മാത്രമേ ഇതുവരെ തിരിച്ചറിഞ്ഞിട്ടുള്ളൂ. ദക്ഷിണകൊറിയന്‍ സ്‌പെഷ്യല്‍ ഫോഴ്‌സുമായി ബന്ധപ്പെട്ട രേഖകള്‍, യുഎസുമായി നടത്തുന്ന സംയുക്ത സൈനിക പരിശീലനത്തിന്റെ വിവരങ്ങള്‍, സൈന്യത്തിന്റെ കൈവശമുള്ള ആയുധങ്ങള്‍, സംവിധാനങ്ങള്‍, ഊര്‍ജപ്ലാന്റുകള്‍ എന്നിവയുടെ വിവരങ്ങളെല്ലാം ചോര്‍ത്തപ്പെട്ടതായി തിരിച്ചറിഞ്ഞിട്ടുണ്ട്.
കഴിഞ്ഞ മെയിലും ദക്ഷിണകൊറിയയുടെ പ്രതിരോധരഹസ്യങ്ങള്‍ സമാനമായ രീതിയില്‍ ഉത്തരകൊറിയന്‍ ഹാക്കര്‍മാര്‍ ചോര്‍ത്തിയിരുന്നു. എന്നാല്‍ എന്ത് വിവരങ്ങളാണ് ചോര്‍ന്നതെന്ന് അന്ന് ദക്ഷിണകൊറിയ പുറത്തുവിട്ടിരുന്നില്ല.
വിദഗ്ദ്ധപരിശീലനം നേടിയ 6800 ഹാക്കര്‍മാര്‍ അടങ്ങിയ പ്രത്യേക സംഘത്തെ വച്ചാണ് ഉത്തരകൊറിയ തങ്ങളെ ആക്രമിക്കുന്നതെന്നാണ് ദക്ഷിണകൊറിയ ആരോപിക്കുന്നത്. 2014-ല്‍ ദക്ഷിണകൊറിയന്‍ കമ്പനിയായ സോണിയുടെ വെബ്‌സൈറ്റ് ഹാക്ക് ചെയ്ത് ഉത്തരകൊറിയന്‍ ഹാക്കര്‍മാര്‍ ലോകത്തെ ഞെട്ടിച്ചിരുന്നു.
ഏഷ്യ-പസഫിക് മേഖലയില്‍ പല രാജ്യങ്ങളും ഇപ്പോള്‍ നിരന്തരം സൈബര്‍ ആക്രമണത്തിന് ഇരയാവുന്നുണ്ട്. കുറച്ചു മാസങ്ങള്‍ക്ക് മുന്‍പ് ഓസ്‌ട്രേലിയന്‍ പ്രതിരോധവകുപ്പിന്റെ നെറ്റ്വര്‍ക്കുകളിലേക്കും ഹാക്കര്‍മാര്‍ നുഴഞ്ഞു കയറിയിരുന്നു. ചൈനീസ് ഹാക്കര്‍മാരാണ് ഇതിന് പിന്നിലെന്നാണ് ഒരു ആസ്‌ട്രേലിയന്‍ മാധ്യമം അന്ന് റിപ്പോര്‍ട്ട് ചെയ്തത്. ഇന്ത്യ-പാകിസ്താന്‍ ഹാക്കര്‍മാര്‍ ഇരുരാജ്യങ്ങളിലെ സര്‍ക്കാര്‍ സൈറ്റുകള്‍ ഹാക്ക് ചെയ്യുന്നതും ഇപ്പോള്‍ പതിവ് സംഭവമാണ്.