സോള്‍: സമയത്തിന്റെ കാര്യത്തിലും യോജിച്ചു പോകാന്‍ ഉത്തര-ദക്ഷിണ കൊറിയകള്‍. ഇതിന്റെ ഭാഗമായി ഉത്തരകൊറിയ തങ്ങളുടെ സ്റ്റാന്റേഡ് സമയം മുപ്പത് മിനുട്ട് മുന്നോട്ടാക്കാന്‍ തീരുമാനിച്ചു. 2015 വരെ ഉത്തര കൊറിയയിലെയും ദക്ഷിണ കൊറിയയിലെയും സ്റ്റാന്റേഡ് സമയം ഒന്നായിരുന്നു. എന്നാല്‍ 2015 ല്‍ ഉത്തര കൊറിയ ഇതില്‍നിന്ന് 30 മിനുട്ട് പിന്നോട്ടു പോവുകയായിരുന്നു.
ഉത്തര കൊറിയയുടെയും ദക്ഷിണ കൊറിയയുടെയും രാജ്യത്തലവന്മാര്‍ കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തിയിരുന്നു. ഒരേ ടൈം സോണിലേക്ക് തിരികെ വരാന്‍ ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്‍ കൂടിക്കാഴ്ചയില്‍ സമ്മതിച്ചതായി ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് മുന്‍ ജായി ഇന്നിനെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ കെ സി എന്‍ എ റിപ്പോര്‍ട്ട് ചെയ്തു.
മേയ് അഞ്ചുമുതലാവും ഉത്തരകൊറിയ സ്റ്റാന്റേഡ് സമയത്തില്‍ മാറ്റം വരുത്തുക. ഇതുമായി ബന്ധപ്പെട്ട പ്രമേയത്തിന് ഉത്തരകൊറിയന്‍ പാര്‍ലമെന്റ് അംഗീകാരം നല്‍കി. പതിറ്റാണ്ടുകളായി ഇരുരാജ്യങ്ങളും തമ്മില്‍ തുടരുന്ന സംഘര്‍ഷങ്ങള്‍ക്ക് അവസാനമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെയുള്ളതായിരുന്നു ഉത്തര-ദക്ഷിണ കൊറിയ രാജ്യത്തലവന്മാരുടെ കൂടിക്കാഴ്ച.
content highlights: north korea will join south korea's time zone