സോള്‍: ഇരു കൊറിയകളും തമ്മിലുള്ള സൗഹൃദം പുനഃസ്ഥാപിക്കുന്നതിന്റെ ഭാഗമായി ഉത്തര കൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്നിന്റെ സഹോദരി ദക്ഷിണകൊറിയ സന്ദര്‍ശിക്കും. വെള്ളിയാഴ്ച തുടങ്ങുന്ന ശൈത്യകാല ഒളിമ്പിക്‌സിന്റെ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കാനാണ് 28-കാരിയായ കിം യോ ജോങ് എത്തുക. കിമ്മിന്റെ ഇളയ സഹോദരിയായ കിം യോ ജോങിന് ഉത്തരകൊറിയന്‍ പോളിറ്റ് ബ്യൂറോ കഴിഞ്ഞ വര്‍ഷം കൂടുതല്‍ അധികാരം നല്‍കിയിരുന്നു.
ശീതകാല ഒളിമ്പിക്‌സിന്റെ ഉദ്ഘാടനചടങ്ങില്‍ ഇരു കൊറിയന്‍ ടീമുകള്‍ ഒറ്റ കൊടിക്ക് കീഴില്‍ അണി നിരക്കാന്‍ നേരത്തെ തീരുമാനിച്ചിരുന്നു. ഏറെ വര്‍ഷങ്ങള്‍ക്ക് ശേഷം ഉത്തരകൊറിയ ഒരു ഉന്നത ഉദ്യോഗസ്ഥനെ ഒളിമ്പിക്‌സിന് അയക്കുമെന്നും അറിയിച്ചിരുന്നു. ഉത്തരകൊറിയന്‍ സെറിമോണിയല്‍ തലവന്‍ കിം ജോങ് നാമാണ് പങ്കെടുക്കക. ഇയാള്‍ക്കൊപ്പമാണ് കിമ്മിന്റെ സഹോദരിയും എത്തുക എന്നാണ് റിപ്പോര്‍ട്ടുകള്‍.
സൗഹൃദം പുതുക്കന്നതിന്റെ ഭാഗമായി ഇരുകൊറിയയുടേയും പ്രതിനിധികള്‍ കഴിഞ്ഞ ആഴ്ച ചര്‍ച്ചകള്‍ നടത്തിയിരുന്നു. കിമ്മിന്റെ സഹോദരി എന്ന നിലയില്‍ മാത്രമല്ല ഉത്തരകൊറിയന്‍ വര്‍ക്കേഴ്‌സ് പാര്‍ട്ടിയുടെ പ്രമുഖ നേതാവ് എന്ന നിലയില്‍ കൂടിയാണ് കിം യോ ജോങ് പങ്കെടുക്കുന്നത് എന്നതിനാല്‍ സന്ദര്‍ശനത്തിന് ഏറെ രാഷ്ട്രീയ പ്രാധാന്യമുണ്ട്.