സോള്‍: അമേരിക്കന്‍ പ്രസിഡന്റ് ട്രംപുമായുള്ള നയതന്ത്ര ചര്‍ച്ച പരാജയപ്പെട്ടതിനെ തുടര്‍ന്ന് ഉത്തര കൊറിയയുടെ അമേരിക്കയിലെ പ്രത്യേക പ്രതിനിധി അടക്കം അഞ്ച് നയതന്ത്ര ഉദ്യോഗസ്ഥരെ ഉത്തര കൊറിയ വധിച്ചതായി റിപ്പോര്‍ട്ട്. ഡൊണാള്‍ഡ് ട്രംപും ഉത്തര കൊറിയ ഏകാധിപതി കിം ജോങ് ഉന്നും തമ്മിലുള്ള രണ്ടാം വട്ട ചര്‍ച്ചയ്ക്കായി ശ്രമങ്ങള്‍ നടത്തിയ ഉത്തരകൊറിയയുടെ പ്രതിനിധി കിം ഹ്യോക് ചോള്‍ എന്ന നയതന്ത്ര ഉദ്യോഗസ്ഥനാണ് കൊല്ലപ്പെട്ടവരില്‍ പ്രധാനിയെന്ന് ദക്ഷിണ കൊറിയന്‍ മാധ്യമം ചോസുന്‍ ഇല്‍ബോ റിപ്പോര്‍ട്ട് ചെയ്തു.
കിം ജോങ് ഉന്നും ട്രംപുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം തിരികെ എത്തി അധികം വൈകുംമുന്‍പ് കിം ഹ്യോക് ചോളിനെ ഉത്തര കൊറിയന്‍ സൈന്യം വെടിവെച്ചു കൊലപ്പെടുത്തി. 'രാജ്യത്തിന്റെ പരമോന്നത തലവനോട് വിശ്വാസവഞ്ചന കാട്ടിയ' കുറ്റത്തിനാണ് അദ്ദേഹത്തെ വധശിക്ഷയ്ക്ക് വിധേയനാക്കിയതെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
കിം ഹ്യോക് ചോള്‍ ഉള്‍പ്പെടെ അഞ്ച് വിദേശകാര്യ മന്ത്രാലയ ഉദ്യോഗസ്ഥരെയാണ് വെടിവെച്ചുകൊന്നത്. മാര്‍ച്ച് മാസത്തില്‍ മിറിം വിമാനത്താവളത്തില്‍ വെച്ചാണ് വധശിക്ഷ നടപ്പാക്കിയത്. കൊല്ലപ്പെട്ട മറ്റ് ഉദ്യോഗസ്ഥരുടെ പേരുകള്‍ പുറത്തുവിട്ടിട്ടില്ല. മുതിര്‍ന്ന് ഉദ്യോഗസ്ഥരായ കിം യോങ് ചോളിനെ ശിക്ഷയുടെ ഭാഗമായി ലേബര്‍ ക്യാമ്പിലേയ്ക്ക് അയച്ചതായും റിപ്പോര്‍ട്ട് പറയുന്നു.
ഫെബ്രുവരിയില്‍ നടന്ന ഹാനോയ് ഉച്ചകോടിയില്‍ ഉത്തര കൊറിയയുടെ പ്രത്യേക നയതന്ത്ര പ്രതിനിധിയായാണ് കിം ഹ്യോക് ചോള്‍ പങ്കെടുത്തത്. കിം ജോങ് ഉന്നുമായി അടുത്ത ബന്ധമുണ്ടായിരുന്ന ഉദ്യോഗസ്ഥാനാണ് കിം ഹ്യോക് ചോള്‍. അമേരിക്കന്‍ സന്ദര്‍ശനത്തില്‍ കിം ജോങ് ഉന്നിനൊപ്പം പ്രത്യേക തീവണ്ടിയില്‍ അദ്ദേഹവും ഉണ്ടായിരുന്നു.
ഉച്ചകോടിയിയില്‍ കിം ജോങ് ഉന്നിനു വേണ്ടി പരിഭാഷ നടത്തിയ ഷിന്‍ ഹേ യോങ് എന്ന ഉദ്യോഗസ്ഥയെ ജയിലിലടച്ചതായും പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. ഉച്ചകോടിക്ക് അവസാനം ആണവ വിഷയത്തില്‍ ഇരു രാജ്യങ്ങളും തമ്മില്‍ ഇടപാടുകള്‍ സാധ്യമല്ലെന്ന് പ്രഖ്യാപിച്ച് ട്രംപ് മടങ്ങുന്നതിനിടയില്‍, കിം മുന്നോട്ടുവെച്ച പുതിയൊരു നിര്‍ദേശം കൃത്യസമയത്ത് പരിഭാഷ ചെയ്യുന്നതില്‍ ഷിന്‍ ഹേ യോങ് പരാജയപ്പെട്ടതാണ് കിം ജോങ് ഉന്നിനെ പ്രകോപിപ്പിച്ചത്.
Content Highlights: North Korea Executed 5 Officials After Failed Trump Summit, Kim Jong Un, Donald Trump