പ്യോങ്യാങ്: ആറ്റംബോംബിനെ വെല്ലുന്ന അത്യുഗ്ര ശേഷിയുള്ള ഹൈഡ്രജന്‍ ബോംബ് ഉത്തരകൊറിയ വികസിപ്പിച്ചു. ഉത്തരകൊറിയ പുതുതായി പരീക്ഷിച്ച ഭുഖണ്ഡാന്തര ബാലിസ്റ്റിക് മിസ്സൈലില്‍ ഘടിപ്പിക്കാന്‍ കഴിയുന്നതാണ് പുതുതായി വികസിപ്പിച്ച ഹൈട്രജന്‍ ബോംബ്. ഉത്തരകൊറിയന്‍ വാര്‍ത്ത ഏജന്‍സിയാണ് ഇക്കാര്യം പുറത്തു വിട്ടത്.
ആണവ ഗവേഷണ കേന്ദ്രത്തില്‍ എത്തിയ ഉത്തരകൊറിയന്‍ നേതാവ് കിം ജോങ് ഉന്‍ ഹൈട്രജന്‍ ബോംബിന്റെ പ്രവര്‍ത്തന ശേഷി നിരീക്ഷിച്ചു എന്നാണ് വാര്‍ത്താ ഏജന്‍സികള്‍ പറയുന്നത്.
'തദ്ദേശീയ പരിശ്രമങ്ങളുടെയും ശാസ്ത്രസാങ്കേതിക വിദ്യയുടെയും ഫലമായുണ്ടായതാണ് അത്യുഗ്ര സ്‌ഫോടന ശേഷിയുള്ള ഹൈഡ്രജന്‍ ബോംബ്. ഇതിന് ആവശ്യമായി വേണ്ട 100% ഘടകങ്ങളും ഉത്തരകൊറിയ തദ്ദേശീയമായി വികസിപ്പിച്ചെടുത്തതാണ്', സന്ദര്‍ശനത്തിനു ശേഷം കിം ജോങ് ഉന്‍ പറഞ്ഞു.
രണ്ട് ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ അടുത്തിടെ ഉത്തരകൊറിയ വികസിപ്പിച്ചിരുന്നു. അമേരിക്കയുടെ ഭൂരിഭാഗം പ്രദേശവും തകര്‍ക്കാന്‍ ശേഷിയുള്ള മിസൈലാണിതെന്നായിരുന്നു കിം ജോങ് ഉന്നിന്റെ അവകാശ വാദം. മാത്രമല്ല. അമേരിക്കയുടെ മിലിട്ടറി ദ്വീപായ ഗ്വാമിലേക്ക് മിസ്സൈല്‍ വിടുമെന്ന ഭീഷണിയും ഉന്‍ മുഴക്കിയിരുന്നു.
രാജ്യത്തിന്റെ നിലനില്‍പിന് ആണവായുധ ശക്തി ആര്‍ജ്ജിക്കേണ്ടതുണ്ടെന്നും എന്നാലെ അമേരിക്ക നിരന്തരം ഉയര്‍ത്തുന്ന ഭീഷണികളെ പ്രതിരോധിക്കാനാവൂ എന്നുമാണ് ഉത്തരകൊറിയയുടെ പക്ഷം. 2006ലായിരുന്നു ഉത്തരകൊറിയയുടെ ആദ്യ ആണവായുധ പരീക്ഷണം.
അണുവിഘടനമാണ് ആറ്റംബോംബിന്റെ പ്രഹര തത്വം. അതേസമയം ഹൈഡ്രജന്‍ ബോംബ് സ്‌ഫോടനത്തില്‍ അണു സംയോജനമാണ് നടക്കുന്നത്.