ഓക്ലന്‍ഡ്: ന്യൂസീലന്‍ഡിലെ മുസ്ലീം പള്ളികളില്‍ നടന്ന ഭീകരാക്രമണത്തെത്തുടര്‍ന്ന് കൊല്ലപ്പെട്ടവരില്‍ മലയാളി യുവതിയുണ്ടെന്ന് സ്ഥിരീകരണമായി. കൊടുങ്ങല്ലൂര്‍ തിരുവള്ളൂര്‍ പൊന്നാത്ത് അബ്ദുള്‍ നാസറിന്റെ ഭാര്യ അന്‍സി(25)യാണ് കൊല്ലപ്പെട്ടത്. ന്യൂസീലന്‍ഡില്‍ ലിന്‍കോണ്‍ യൂണിവേഴ്‌സിറ്റിയില്‍ അഗ്രിബിസിനസ് മാനേജ്‌മെന്റില്‍ വിദ്യാര്‍ഥിനിയായിരുന്നു.
അല്‍പം മുമ്പാണ് മരണവിവരം വീട്ടുകാരെ അറിയിക്കുന്നത്.ആക്രമണ സമയത്ത് അന്‍സിയോടൊപ്പം പള്ളിയിലുണ്ടായിരുന്ന ഭർത്താവ് നാസര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടിട്ടുണ്ട്.
ഒരു വര്‍ഷം മുമ്പാണ് ഇരുവരും ന്യൂസിലന്‍ഡിലേക്ക് പോയത്. നാസര്‍ ന്യൂസീലൻഡിൽ സ്വകാര്യ സ്ഥാപനത്തില്‍ ജീവനക്കാരനാണ്.
അന്‍സിയെ പരിക്കേറ്റതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെന്നായിരുന്നു ആദ്യം വീട്ടുകാര്‍ക്ക് ലഭിച്ച വിവരം.
അക്രമണ സമയത്ത് ഇവര്‍ ഡീന്‍സ് അവന്യുവിലുള്ള മോസ്‌ക്കിലായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഇവരുടെ പിതാവിന്റെ പേര് അലി ബാവ എന്നും മാതാവിന്റെ പേര് ഫാത്തിമ എന്നാണെന്നും റെഡ്ക്രോസ് പറയുന്നു. റെഡ്ക്രോസ് നല്‍കിയ കാണാതായവരുടെ പട്ടികയിലാണ് ഇവരുടെ പേരുണ്ടായിരുന്നത്.
വെടിവെപ്പില്‍ ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടതായി സ്ഥിരീകരണമുണ്ട്. ഗുജറാത്ത് സ്വദേശി മുഹമ്മദ് ജുനത്ത് ഖാരയാണ് കൊല്ലപ്പെട്ടത്.
ഒമ്പത് ഇന്ത്യക്കാരെ വെടിവെപ്പുമായി ബന്ധപ്പെട്ട് കാണാതായെന്ന് ന്യൂസീലന്‍ഡിലെ ഇന്ത്യന്‍ എംബസി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ഇവര്‍ക്ക് വെടിയേറ്റതായി സംശയവും അവര്‍ പറഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് ഗുജറാത്ത് സ്വദേശിയും മലയാളിയായ അന്‍സിയും കൊല്ലപ്പെട്ടതായി വിവരങ്ങള്‍ പുറത്തുവന്നത്.
content highlights: Newzealand shooting, Malayalee woman Ancy died
മറ്റുള്ളവരെ കുറിച്ച് ഇപ്പോഴും വിവരം ലഭിച്ചിട്ടില്ല.