ബാഗ്ദാദ്: ഇസ്ലാമിക് സ്‌റ്റേറ്റ്‌സിന്റെ സ്വയംപ്രഖ്യാപിത തലസ്ഥാനമായ മൊസൂള്‍ പിടിച്ചെടുക്കാനുള്ള അവസാനഘട്ട നടപടികളിലേക്ക് ഇറാഖി സൈന്യം കടക്കുന്നതിനിടയില്‍ ഇറാഖി സൈന്യത്തിന് മേല്‍ വിജയം നേടുമെന്ന് പ്രഖ്യാപിച്ച് ഐഎസ് മേധാവി അബൂബക്കര്‍ അല്‍ബഗ്ദാദിയുടെ ശബ്ദസന്ദേശം പുറത്തു വന്നു. ഇസ്ലാമിക് സ്റ്റേറ്റ്‌സിനോട് അനുഭാവം പുലര്‍ത്തുന്ന അല്‍-ഫുഖ്‌റാന്‍ മീഡിയയാണ് വ്യാഴാഴ്ച രാവിലെയോടെ ഈ ശബ്ദസന്ദേശം പുറത്തു വിട്ടത്.
ഇസ്ലാമിക് സ്റ്റേറ്റ്‌സ് മേധാവി അബൂബക്കര്‍ അല്‍ബഗ്ദാദിയുടേത് എന്ന പേരില്‍ പുറത്തു വന്ന ശബ്ദസന്ദേശത്തില്‍ നാണംകെട്ട് തോറ്റോടുന്നതിലും ആയിരം മടങ്ങ് അന്തസ്സുറ്റതാണ് സ്വന്തം ഭൂമി സംരക്ഷിക്കാനായി നടത്തുന്ന പോരാട്ടമെന്നും ഒരു കാരണവശാലും മൊസൂളില്‍ നിന്ന് പിന്‍വാങ്ങരുതെന്നും ഐഎസ് തീവ്രവാദികളോട് ആഹ്വാനം ചെയ്യുന്നുണ്ട്.
മൊസൂളിലെ ജനങ്ങളോടും ഐഎസ് തീവ്രവാദികളോടും ശ്രദ്ധാപൂര്‍വ്വം ശത്രുവിനെ നേരിടണമെന്ന് പറയുന്ന ബഗ്ദാദി ദൈവത്തിന്റെ ശത്രുക്കളോട് പോരാടുവാന്‍ ഐഎസ് അനുഭാവികളോടും ആവശ്യപ്പെടുന്നു. അവിശ്വാസികളെ രാത്രിയുടെ ഇരുട്ടില്‍ നിന്ന് പകലിന്റെ പ്രകാശത്തിലേക്ക് കൊണ്ടുവരണമെന്നാണ് ഐഎസിലെ ചാവേര്‍പ്പോരാളികളോട് ബഗ്ദാദി പറയുന്നത്.
കഴിഞ്ഞ വര്‍ഷം ബഗ്ദാദിയുടെ വാഹനവ്യൂഹത്തിന് നേരെ ഇറാഖി സൈന്യം ആക്രമണത്തില്‍ ഐഎസ് തലവന് ഗുരുതരമായി പരിക്കേറ്റതായി വാര്‍ത്തകളുണ്ടായിരുന്നു. ഐഎസ് ക്യാമ്പിലുണ്ടായിരുന്ന ആരോ ഭക്ഷണത്തില്‍ വിഷം കലര്‍ത്തിയത് മൂലം ബഗ്ദാദിയും വേറെ ചില മുതിര്‍ന്ന ഐഎസ് നേതാക്കളും ഗുരുതരാവസ്ഥയിലാണെന്ന വാര്‍ത്തയും ഈ അടുത്ത കാലത്ത് പുറത്തു വന്നിരുന്നു.
കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ഇതാദ്യമായാണ് ബഗ്ദാദിയുടെതായി ഒരു സന്ദേശം പുറത്തു വരുന്നത്.