കാലിഫോര്‍ണിയ: കഞ്ചാവ് കൃഷി ചെയ്യുന്നതിനും സുഖവാസ കേന്ദ്രം നിര്‍മിക്കുന്നതിനുമായി കാലിഫോര്‍ണിയയിലെ ഒരു പട്ടണം ഒരു കഞ്ചാവ് കമ്പനി വിലയ്ക്കുവാങ്ങി. 120 ഏക്കര്‍ വിസ്തൃതിയുള്ള നിപ്ടന്‍ എന്ന കൊച്ചു പട്ടണമാണ് അരിസോണ കമ്പനിയായ അമേരിക്കന്‍ ഗ്രീന്‍ ഇന്‍ക് വാങ്ങിയത്. കഞ്ചാവ് അടിസ്ഥാനമായുള്ള വിനോദസഞ്ചാര കേന്ദ്രം ആരംഭിക്കാനാണ് കമ്പനിയുടെ ഉദ്ദേശ്യം.
അമ്പത് ലക്ഷം ഡോളറിനാണ് കമ്പനി ഈ പട്ടണം സ്വന്തമാക്കിയത്. ഊര്‍ജ്ജ സ്വയംപര്യാപ്തമായ, കഞ്ചാവ് സൗഹൃദ, സുഖവാസകേന്ദ്രമാക്കി പട്ടണത്തെ മാറ്റുകയാണ് കമ്പനിയുടെ ലക്ഷ്യം. തുടക്കത്തില്‍ കഞ്ചാവ് കലര്‍ത്തിയ വെള്ളം ഉല്‍പാദിപ്പിക്കുന്ന ഒരു ഫാക്ടറിയാണ് കമ്പനി ആരംഭിക്കുന്നത്. തുടര്‍ന്ന് കഞ്ചാവ് ചേര്‍ത്ത ഭക്ഷ്യവസ്തുക്കള്‍ ഉല്‍പാദനവും ആരംഭിക്കും.
ഇവിടെയെത്തുന്ന സന്ദര്‍ശകര്‍ക്ക് ആരോഗ്യ കുളി, സുഖതാമസത്തിനുള്ള സൗകര്യങ്ങള്‍, കഞ്ചാവു കടകള്‍ തുടങ്ങിയവയും ഒരുക്കുമെന്ന് കമ്പനി വ്യക്തമാക്കി. പ്രകൃതിയാരാധകരായ കഞ്ചാവ് ഉപയോക്താക്കളെ ലക്ഷ്യംവെച്ചുള്ള ഇത്തരമൊരു സംരംഭം ആദ്യത്തേതാണെന്നും കമ്പനി അവകാശപ്പെടുന്നു.
നെവാഡ അതിര്‍ത്തിയിലുള്ള ഈ പട്ടണത്തില്‍ നിലവില്‍ ഉള്ളത് ഹോട്ടല്‍, ചില കടകള്‍, ഒരു വിദ്യാലയം എന്നിവയാണ്. 20 പേര്‍ മാത്രമാണ് ഇവിടെ നിവാസികളായുള്ളത്. സ്വര്‍ണം, വെള്ളി എന്നിവയുടെ ഖനികളും കാലിവളര്‍ത്തലുമാണ് ഇവിടത്തുകാരുടെ തൊഴില്‍.
കഴിഞ്ഞ വര്‍ഷം കഞ്ചാവ് ഉപയോഗിച്ചുകൊണ്ടുള്ള വിനോദവ്യവസായം കാലിഫോര്‍ണിയയില്‍ നിയമവിധേയമാക്കിയിരുന്നു.
Share this Article
Related Topics